ലണ്ടന്‍: ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആര്‍ക്കും പ്രത്യേകിച്ച് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സെങ്കിലും ഇല്ലാതെ യുകെയില്‍ വാഹനം റോഡിലിറക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ പലരും ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞും വാഹനങ്ങള്‍ പുറത്തിറക്കാറുണ്ട്. അത്തരക്കാര്‍ക്ക് പേടിസ്വപ്‌നമാണ് ലണ്ടനിലെ ഈ പ്രദേശം. ഈസ്റ്റ് ലണ്ടനിലാണ് ഇന്‍ഷുറന്‍സില്ലാത്തതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

ഇ പോസ്റ്റ് കോഡ് പ്രദേശത്ത് ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ചതിന് ലൈസന്‍സ് സ്റ്റാംപ് ചെയ്യപ്പെട്ടവരുടെ എണ്ണം 5290 വരുമെന്നാണ് കണക്ക്. ടവര്‍ ഹാംലറ്റ്‌സ്, ന്യൂഹാം, ഈസ്റ്റ് ലണ്ടന്‍ ബറോയുടെ ചില പ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശമാണ് ഇത്. ഇവിടെ 89 പേരില്‍ ഒരാള്‍ വീതം ഇന്‍ഷുറന്‍സ് ഇല്ലാതെ പിടിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ബ്രിട്ടനിലെ ഏറ്റവും വലിയ സംഖ്യയാണ് ഇത്.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ എസ്ഇ പോസ്റ്റ് കോഡ് പ്രദേശമാണ് തൊട്ടു പിന്നിലുള്ളത്. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെട്ടാല്‍ ചികിത്സക്കുള്ള പണം കിട്ടില്ല എന്നു മാത്രമല്ല അപകടം നിങ്ങളുടെ പിഴവ് മൂലമല്ലെങ്കില്‍ പോലും നോ ക്ലെയിം ബോണസ് പോലെയുള്ള ആനുകൂല്യങ്ങളും നഷ്ടമാകും. ലൈസന്‍സില്‍ ആറ് മുതല്‍ എട്ട് പോയിന്റുകള്‍ വരെ ലഭിക്കുകയും അത് നാല് വര്‍ഷം വരെ നിലനില്‍ക്കുകയും ചെയ്യും.