കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ തൃശ്ശൂരില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോഗം തീരുമാനിച്ചു. ഇതോടെ വരുന്ന തൃശ്ശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഉണ്ടായേക്കില്ല. രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആനപ്രേമികള്‍ രംഗത്ത് എത്തിയതോടെ പ്രശ്‌നം പരിഹാരത്തിന് ജില്ലയിലെ മന്ത്രിയെന്ന നിലയില്‍ വിഎസ് സുനില്‍ കുമാര്‍ ഇടപെട്ടിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ നടന്ന ഒരു എഴുന്നള്ളിപ്പിനിടെ രാമചന്ദ്രന്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്ന് മുതല്‍ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്കുണ്ട്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്.

അമ്പത് വയസ് പിന്നിട്ട ജീവിതത്തിനിടയില്‍ രാമചന്ദ്രന്‍ 13 പേരുടെ ജീവനെടുത്തിട്ടുണ്ട്. ആറ് പാപ്പാന്‍മാര്‍ക്കും നാല് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്‍മാര്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കുമാണ് രാമചന്ദ്രന്‍ കാരണം ജീവന്‍ നഷ്ടമായത്. ഫെബ്രുവരി മാസം 8 ാം തിയതിയായിരുന്നു അവസാനമായ രാമചന്ദ്രന്‍ ഇടഞ്ഞത്. പിന്നില്‍ നിന്ന് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടായിരുന്നു രാമചന്ദ്രന്‍ കലിതുള്ളിയത്. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരന്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സംഭവത്തെ തുടര്‍ന്നായിരുന്നു വനംവകുപ്പ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ 15 ദിവസത്തേക്ക് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയത്.

വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും രാമചന്ദ്രന് എഴുന്നള്ളിപ്പിനുള്ള അനുമതി നല്‍കാനാവില്ലെന്നും കളക്ടര്‍ ടിവി അനുപമ നിലപാടെടുത്തിട്ടുണ്ട്. രാമചന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും ഇടയാനുള്ള സാഹചര്യമുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച ആലോചനായോഗം തൃശ്ശൂര്‍ കളക്ട്രേറ്റില്‍ ചേര്‍ന്നപ്പോള്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നേടിയെടുക്കാനായി ആനപ്രേമികളും ആന ഉടമകളുടെ സംഘടനയും സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്ന് കളക്ടര്‍ അറിയിച്ചതോടെ യോഗത്തിനെത്തിയ എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ പ്രതിഷേധവുമായി എഴുന്നേറ്റു.

സര്‍ക്കാര്‍ ഒരു പൂരം നടത്തിപ്പിനും എതിരല്ലെന്നും എന്നാല്‍ ആനകളുടെ മേല്‍നോട്ട ചുമതല നാട്ടാന നിരീക്ഷണസമിതിക്കാണ് എന്നതിനാല്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ വഴിയില്ലെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. ഇതോടെ ആനപ്രേമികളുടെ പ്രതിഷേധം ശക്തമായി. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വിഎസ് സുനില്‍ കുമാര്‍ ആനപ്രേമികള്‍ക്ക് ഉറപ്പു നല്‍കി.