തീര്‍ത്ഥാടനം – ബീന റോയ് എഴുതിയ കവിത

by News Desk 1 | June 13, 2018 6:25 am

തീര്‍ത്ഥാടനം
……………………
അജ്ഞാതമായ വീഥികളിലൂടെ വിധിലിഖിതമെന്നോണം
കാലമെന്നെ കൈ പിടിച്ചു നയിക്കുന്നു.

നാമകരണം ചെയ്യാത്തൊരു ഗ്രഹമെന്നപോലെ
ഞാനൊരു നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നു.

അംഗുലീയങ്ങളൊഴിഞ്ഞ കരദ്വയങ്ങളാല്‍
സൂര്യബിംബത്തെ ഞാന്‍ സ്പര്‍ശിക്കുന്നു.

ദിഗ്വലയത്തില്‍ തിരോഭവിക്കുന്ന സൂര്യന്റെ മടിത്തട്ടില്‍
ശിരസ്സുചേര്‍ത്ത് ഞാന്‍ വിശ്രമിക്കുന്നു.

അസ്തമയത്തിനും ഉദയത്തിനും ഇടയിലുള്ള
ദൂരത്തെ ഒരു ദീര്‍ഘനിദ്രയാല്‍ തരണം ചെയ്യുന്നു.

പ്രകാശമേറ്റുണരുന്ന തളിരിലയെന്നപോലെ
സ്‌നേഹത്തെ ഞാന്‍ ആഗിരണംചെയ്യുന്നു.

വസന്തം ചുംബിച്ച ഭൂമിയിലെന്നവണ്ണം
കവിതകളെന്നില്‍
പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു.

പിറന്നു മരിക്കുന്ന ദിവസങ്ങളുടെ ദലസൂചികളില്‍
പദങ്ങളൂന്നി ഞാന്‍ നടക്കുന്നു.

കൊടുങ്കാറ്റ് നിര്‍മ്മിച്ച കടല്‍ച്ചുഴികളിലൂടെ
മത്സ്യകന്യകയെപ്പോലെ നൃത്തംചെയ്യുന്നു.

സ്വപ്നമോ സത്യമോ എന്ന് വേര്‍തിരിച്ചറിയാത്തൊരു
നിറവില്‍ എന്നിലൊരു കിളിക്കുഞ്ഞ് ചിറക് വിടര്‍ത്തുന്നു.

ഹൃദയത്തിന്റെ വിശുദ്ധസ്ഥലികളിലൂടെ സുതാര്യമായൊരു
തൂവല്‍പോലെ ഞാന്‍ തീര്‍ത്ഥാടനം തുടരുന്നു.

ബീന റോയ്

Endnotes:
  1. ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു;അനില്‍ സെയിന്‍ കഥയിലും ബീന റോയ് കവിതയിലും പ്രഥമ സ്ഥാനങ്ങള്‍ നേടി: http://malayalamuk.com/1-of-4641-print-all-in-new-window-london-malayala-sahithya-vedi/
  2. അഥേനിയം റൈറ്റേഴ്സ് സൊസൈറ്റി നടത്തിയ സാഹിത്യ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു; കഥാ രചനയില്‍ റിജു ജോണും കവിതാ രചനയില്‍ സ്മിത ശ്രീജിത്തും ഒന്നാമത്: http://malayalamuk.com/athenium-writers-society-competition/
  3. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  4. മലയാളി ജവാന്റെ മരണം ആത്മഹത്യയെന്ന്‌ കരസേനാ അധികൃതര്‍: http://malayalamuk.com/malayali-soldier-death-suicide/
  5. പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ ജനുവരിയിലെ ജ്വാല ഇ- മാഗസിൻ പ്രസിദ്ധീകരിച്ചു: http://malayalamuk.com/jwala-january-2018/
  6. ആവിഷ്‌കാര സ്വാതന്ത്ര്യ ത്തിനെതിരെ നടക്കുന്ന കയ്യേറ്റങ്ങളെ അപലപിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി: http://malayalamuk.com/jwala-e-magazine-august/

Source URL: http://malayalamuk.com/theerthadanam-poem-by-beena-roy/