കൊരങ്ങിണി വനത്തിൽ രക്ഷാപ്രവർത്തകരെ കാത്തിരുന്ന കാഴ്ച്ച മനഃസ്സാക്ഷിയെ മരവിപ്പിക്കുന്നത്; വെള്ളത്തിനായി കേണ് പൊള്ളലേറ്റവർ, മധുവിധുയാത്ര അന്ത്യയാത്രയായി മാറിയപ്പോൾ

കൊരങ്ങിണി വനത്തിൽ രക്ഷാപ്രവർത്തകരെ കാത്തിരുന്ന കാഴ്ച്ച മനഃസ്സാക്ഷിയെ മരവിപ്പിക്കുന്നത്;  വെള്ളത്തിനായി കേണ് പൊള്ളലേറ്റവർ, മധുവിധുയാത്ര അന്ത്യയാത്രയായി മാറിയപ്പോൾ
March 13 06:30 2018 Print This Article

ഞായറാഴ്ച അർധരാത്രിയോടെ കാട്ടിലേക്കു കടന്ന രക്ഷാപ്രവർത്തകരാണു ജീവച്ഛവം പോലെ കാട്ടിൽ അകപ്പെട്ടവരെ കണ്ടെത്തിയത്. ഇവർക്കു കാര്യമായ സഹായമൊന്നും നൽകാനാകാത്തതിന്റെ നിസ്സഹായതയും പലരും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. വനത്തിലെ കാഴ്ചകൾ പകർത്തിയ വിഡിയോ ദൃശ്യങ്ങളിലാണു ഞെട്ടിക്കുന്ന കാഴ്ചകളുള്ളത്.
വസ്ത്രങ്ങൾ പോലും പൂര്‍ണമായും കത്തിപ്പോയ അവസ്ഥയിലായിരുന്നു ചിലർ. ശബ്ദിക്കാൻ പോലുമാകാതെ ഇരുന്നവർക്ക് ആകെ നൽകാനായതു കുപ്പിവെള്ളം മാത്രം. ഇതുപോലും അൽപം കഴിഞ്ഞപ്പോൾ തീർന്നുപോയി. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരുടെ കയ്യിലുണ്ടായിരുന്ന വെള്ളമാണു പലർക്കും നൽകിയത്. അൽപം വെള്ളം മാത്രം നൽകിയപ്പോൾ ‘അണ്ണാ, കുറച്ചു കൂടി വെള്ളം തരാമോ…?’ എന്നു കേഴുന്ന കരച്ചിലും മനഃസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു.

Image result for theni-fire-tragedy- -images
മേഖലയിലെ പുൽമേടു മുഴുവൻ തീപിടിച്ചു നശിച്ച അവസ്ഥയിലായിരുന്നു. കൊടുംകാട്ടിനു നടുവിൽ ഒരു പുതപ്പിന്റെ മാത്രം അഭയത്തിലായിരുന്നു പൊള്ളലേറ്റവർ കഴിഞ്ഞത്. വിഡിയോ ദൃശ്യങ്ങളിൽ ഉൾപ്പെട്ടവരിൽ ചിലർക്ക് 80 ശതമാനം വരെ പൊള്ളലേറ്റിരുന്നു. ഇവരിൽ ചിലർ പിന്നീടു മരണപ്പെട്ടു. ബാക്കിയുള്ളവർ ചികിത്സയിലാണ്. അതേസമയം അതീവദാരുണ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. പലരും ബന്ധുക്കളുടെ ഫോൺനമ്പരും മറ്റും രക്ഷാപ്രവർത്തകർക്കു പറഞ്ഞു കൊടുത്തു. പാറകൾക്കടിയിലും മറ്റും അഭയം തേടിയവർക്കും ഗുരുതര പൊള്ളലേറ്റു.

 

 മധുവിധുവിന്റെ ആലസ്യം വിട്ടുമാറും മുൻപേ ആ യാത്ര അന്ത്യയാത്രയായപ്പോൾ

couple-divya-vivek
ദാമ്പത്യത്തിന്റെ ചൂടറിയുന്നതിനു മുമ്പ് തന്നെ ആ നവദമ്പതികളെ തീയെടുത്തു. കഴിഞ്ഞ നവംബർ 24നായിരുന്നു വിവേക് (28), ദിവ്യ (26) ദമ്പതികളുടെ വിവാഹം. യാത്ര പോകണമെന്നു പദ്ധതിയിടുന്നതായി വിവാഹം കഴിഞ്ഞയുടൻ ഇവർ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വിവേക് ദുബായിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യയെ വിദേശത്തേക്കു കൊണ്ടുപോകുന്നതിനായി അവധിക്കു വന്നതായിരുന്നു. കുരങ്ങിണിയിലെ ട്രക്കിങ് അവരുടെ അന്ത്യ യാത്രയായി മാറി. ഗുരുതരമായി പൊള്ളലേറ്റ വിവേകും വിദ്യയും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണു മരിച്ചത്.

Image result for theni-fire-tragedy-followup-report-images

പ്രിയപ്പെട്ടവർക്കുണ്ടായ ദുരന്തമറിഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും ഞായറാഴ്ച രാത്രി തന്നെ കുരങ്ങിണി ഗ്രാമത്തിലേക്ക് ഓടിയെത്തി. ഉറ്റവർ വേർപിരിഞ്ഞതിന്റെ മനോവേദനയും അധികൃതരോടുള്ള രോഷവും അടക്കാനാകാതെ ആർത്തലച്ചു കരയാനേ അവർക്കാകുമായിരുന്നുള്ളൂ.

Image result for theni-fire-tragedy- -images

രക്ഷാപ്രവർത്തനത്തിനിറങ്ങിയവരിൽ ചിലർ അപകടത്തിൽപ്പെട്ടവരുടെ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിലും വാട്സാപ്പിലും പ്രചരിപ്പിച്ചിരുന്നു. ഇതു കണ്ടാണു രാത്രി തന്നെ കുരങ്ങിണിയിലേക്കു ബന്ധുക്കൾ ആർത്തലച്ചെത്തിയത്.

theni-2

കാടുകയറിയവർക്ക് എന്തു പറ്റിയെന്നറിയാതെ അവർ ആശുപത്രി വരാന്തയിൽ ഉറക്കമിളച്ചു കാത്തിരുന്നു. മലമുകളിൽനിന്നു പരുക്കേറ്റവരുമായി ഓരോ ട്രോളിയെത്തുമ്പോഴും അവർ എത്തിവലിഞ്ഞുനോക്കി. പ്രിയപ്പെട്ടവരെ ഗുരുതരാവസ്ഥയിൽ കണ്ടവർ വാവിട്ടുനിലവിളിച്ചു.

ഇന്നലെ മോർച്ചറിക്കു മുൻപിലും കരളലിയിക്കുന്ന ദൃശ്യങ്ങളായിരുന്നു. മക്കളെ നഷ്ടപ്പെട്ടവരുടെ ആർത്തനാദത്തിൽ തേനി മെഡിക്കൽ കോളജ് ആശുപത്രി പരിസരം വിറങ്ങലിച്ചുനിന്നു. ആദ്യമായി നേരിൽ കാണുന്നവർ പോലും തങ്ങൾക്കുണ്ടായ ദുരന്തത്തിൽ അപരിചിതത്വം മറന്നു പരസ്പരം കെട്ടിപ്പുണർന്നു കരഞ്ഞു.

selfie.jpg.image

കുരങ്ങിണിയിലെ കാട്ടുതീയിൽപ്പെട്ടതു ചെന്നൈ ആസ്ഥാനമായ ട്രെക്കിങ് ക്ലബ് വനിതാദിനത്തോടനുബന്ധിച്ചു നടത്തിയ സാഹസികയാത്രയിൽ പങ്കെടുക്കാൻ പോയ സ്ത്രീകൾ. ചെന്നൈ ട്രെക്കിങ് ക്ലബ് (സിടിസി) ഫെയ്സ്ബുക്ക് പേജിലാണു കൊളുക്കുമലയിലേക്കുള്ള വനിതാദിന സ്പെഷൽ ട്രെക്കിങ് പ്രഖ്യാപിച്ചത്. സിടിസിയിൽ നാലു ലക്ഷത്തോളം അംഗങ്ങളുണ്ട്. മാർച്ച് ഒൻപതിനു യാത്ര ആരംഭിച്ച് 11നു രാത്രി ഒൻപതോടെ അവസാനിപ്പിക്കാനായിരുന്നു പദ്ധതി.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles