ലണ്ടന്‍: യൂറോപ്പില്‍ നിലവിലുള്ള സഞ്ചാര സ്വാതന്ത്രം ചില നിയന്ത്രണങ്ങളോടെ പൗരന്‍മാര്‍ക്ക് ലഭ്യമാകുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. യൂറോപ്യന്‍ നീതിന്യായ കോടതിയുടെ അധികാര പരിധിയില്‍ യുകെ തുടരുമെന്നും അവര്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റിന്റെ ആദ്യ നടപടിയായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചുകൊണ്ടാണ് മേയ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുള്ളവ നിലനിര്‍ത്തുമെന്ന് യൂറോപ്യന്‍ പാര്‍മെന്റിന്റെ ചോര്‍ന്ന രേഖകളും വ്യക്തമാക്കുന്നു.
2019 മാര്‍ച്ച് 19 ആണ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്റെ അവസാന തിയതി. എന്നാല്‍ അതിനു ശേഷവും യൂറോപ്യന്‍ കോടതിയുടെ അധികാര പരിധിയില്‍ ബ്രിട്ടന്‍ തുടരുമെന്നാണ് പ്രഖ്യാപനം വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ കരാറുകള്‍ തയ്യാറാക്കുകയും അവയില്‍ ഒപ്പുവെക്കുകയും ചെയ്യണം. എന്നാല്‍ അവ നടപ്പാക്കണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് മേയ് പറഞ്ഞു.

വിസ നിബന്ധനകള്‍ വ്യത്യസ്തമാണെങ്കില്‍ അംഗ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതുകൊണ്ടുതന്നെ ഈ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സമയം ആവശ്യമായി വരും. എന്നാല്‍ ഈ നീക്കങ്ങള്‍ ടോറികളിലെ തീവ്രവലതുപക്ഷക്കാരെ കുപിതരാക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.