ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേരിട്ട തകര്‍ച്ചയ്ക്കു പിന്നാലെ സ്വന്തം മണ്ഡലത്തില്‍ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ നേരിട്ട് തെരേസ മേയ്. മെയ്ഡന്‍ഹെഡില്‍ മികച്ച ഭൂരിപക്ഷം നേടിയാണ് വിജയിച്ചതെങ്കിലും തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവിന് കേവലഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സൂചനകള്‍. തൂക്ക് പാര്‍ലമെന്റായിരിക്കും നിലവില്‍ വരികയെന്നും നിഗമനങ്ങളുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സ്വന്തം മണ്ഡലത്തിലെത്തിയ തെരേസ മേയെ നിങ്ങള്‍ രാജി വെക്കുന്നില്ലേ എന്ന ചോദ്യവുമായാണ് വോട്ടര്‍മാര്‍ സ്വീകരിച്ചത്.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മേയ് രാജിവെക്കണമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിനും മുതിര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടു. കണ്‍സര്‍വേറ്റീവുകള്‍ക്ക് ഒരു ഡസനിലേറെ സീറ്റുകള്‍ നഷ്ടപ്പെടുമെന്നും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ലേബര്‍ കാര്യമായ മുന്നേറ്റം നടത്തുമെന്നും പ്രവചനങ്ങള്‍ പറയുന്നു. രാജിവെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മേയ് പ്രതികരിച്ചില്ല.

വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നായിരുന്നു തെരേസ മേയ് ആദ്യഘട്ടത്തില്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന് സ്ഥിരതയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും തൂക്ക് പാര്‍ലമെന്റ് നിലവില്‍ വരാനുള്ള സാധ്യതകളാണ് ഇപ്പോള്‍ ഉള്ളത്.