ബ്രെക്‌സിറ്റ് രാജ്യത്തിന് ശോഭനമായ ഭാവി നല്‍കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. എന്‍എച്ച്എസിനും സ്‌കൂളുകള്‍ക്കും കൂടുതല്‍ ഫണ്ടിംഗ് ലഭ്യമാക്കാന്‍ ബ്രെക്‌സിറ്റിനു ശേഷം സാധിക്കുമെന്നും ബിബിസിയുടെ ലോറ ക്യൂന്‍സ്‌ബെര്‍ഗിനോട് പറഞ്ഞു. ബ്രെക്‌സിറ്റ് പുതിയൊരു രാജ്യത്തെയായിരിക്കും നല്‍കുക. മികച്ച ഭാവിയാണ് മുന്നില്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രധാനമന്ത്രി സന്ദര്‍ശനങ്ങള്‍ നടത്തി.

ഒരു ബ്രെക്‌സിറ്റ് ഡിവിഡെന്റിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടാകുമെന്നാണ് അവര്‍ മറുപടി നല്‍കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരുമ്പോള്‍ നമുക്ക് വന്‍തുക മുടക്കേണ്ടി വരുന്നില്ല. എല്ലാ വര്‍ഷവും യൂണിയന് നല്‍കേണ്ടി വരുന്ന തുകയും ലാഭിക്കാനാകും. അതുകൊണ്ടുതന്നെ മുന്‍ഗണനാക്രമത്തില്‍ എന്‍എച്ച്എസിനും സ്‌കൂളുകള്‍ക്കുമായി ആ പണം നല്‍കാന്‍ കഴിയുമെന്നാണ് മേയ് വ്യക്തമാക്കിയത്. യുകെയിലെ എല്ലാ മേഖലകള്‍ക്കും ഗുണകരമാകുന്ന ധാരണയായിരിക്കും രൂപീകരിക്കുകയെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ബ്രെക്‌സിറ്റ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇനിയും സമയം വൈകിയിട്ടില്ലെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പ്രതികരിച്ചത്. ഒരു അന്തിമ തീരുമാനം എടുക്കുകയെന്നതാണ് ബുദ്ധിപരമായ നീക്കമെന്ന് ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് ബ്ലെയര്‍. 2019 മാര്‍ച്ച് 29ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി പിന്‍മാറും. അതിനു ശേഷം നിലവിലുള്ള സൗകര്യങ്ങളില്‍ ഭൂരിഭാഗവും തുടര്‍ന്നുകൊണ്ടുള്ള 21 മാസത്തെ പരിവര്‍ത്തന കാലം നിലവില്‍ വരും. ബ്രെക്‌സിറ്റ് ധാരണകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ജൂണ്‍ മുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഡിവോഴ്‌സ് ബില്‍ രൂപീകരണത്തില്‍ അവ തടഞ്ഞു നില്‍ക്കുകയാണ്.