ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയാണ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഭീഷണി ഗുരുതരമാണെന്നും അവര്‍ വിലയിരുത്തി. അധികം താമസിക്കാതെ മറ്റൊരു ആക്രമണമുണ്ടാകുന്നതിനുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞില്ല. അതേസമയം മാഞ്ചസ്റ്ററിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി.

അന്വേഷണവിഭാഗങ്ങളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഭീഷണിയുടെ ഘട്ടം അതീവ ഗുരുതരത്തിലേക്ക് ഉയര്‍ത്തിയതായി തെരേസ മേയ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി നിര്‍വഹിക്കാന്‍ ഉത്തരവാദപ്പെട്ടവരാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സജ്ജമാകണമെന്ന് സുരക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കി. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ സൈനികരെ നിയോഗിക്കും. ചില പരിപാടികളിലും സംഗീതപരിപാടി, കായികവേദികളിലും സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും തെരേസ അറിയിച്ചു.

അതേസമയം, ഇരുപത്തിരണ്ടുകാരനായ ബ്രിട്ടീഷ് പൗരന്‍ സല്‍മാന്‍ അബിദിയാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. മാഞ്ചസ്റ്ററില്‍ ജനിച്ച അബിദിയുടെ മാതാപിതാക്കള്‍ ലിബിയക്കാരാണ്. ലിബിയയിലായിരുന്ന അബിദി അടുത്തിടെയാണ് ബ്രിട്ടനിലെത്തിയത്. ലണ്ടനില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ മാഞ്ചസ്റ്ററിലെത്തിയതെന്ന് യുഎസ് അധികൃതര്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ സല്‍മാന്‍ അബിദി ഒറ്റയ്ക്കാണോ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കെത്തിയ ജനക്കൂട്ടത്തിനുനേരെയാണ് ചാവേര്‍ ഭീകരാക്രമണം നടന്നത്. ഇതില്‍ 22 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞു പുറത്തിറങ്ങിയ ആളുകള്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയും തുടരുമെന്നും സമൂഹമാധ്യമത്തിലൂടെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഐഎസ് ഭീഷണി മുഴക്കി.