മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ആശുപത്രികളില്‍ പ്രത്യേക ഇന്‍ജെക്ഷന്‍ മുറികള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ടോറി എംപിമാര്‍. എച്ച്‌ഐവി പകരുന്നത് കുറയ്ക്കാനും മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ് ഈ ആവശ്യം. തെരേസ മേയ്ക്കു മേല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ടോറി അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഡ്രഗ് കണ്‍സംപ്ഷന്‍ റൂമുകള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം എടുത്തു കളയണമെന്നാണ് ആവശ്യം. നാഷണല്‍ എയിഡ്‌സ് ട്രസ്റ്റ് തുടങ്ങിവെച്ച ക്യാംപെയിനിനു തുടര്‍ച്ചയായാണ് അഞ്ച് ക്രോസ് പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പുകളുടെ തലവന്‍മാരുള്‍പ്പെടുന്ന അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മയക്കുമരുന്നുകള്‍ക്ക് അടിമകളായവര്‍ക്ക് വൈദ്യസഹായത്തോടെ അവ കുത്തിവെക്കാന്‍ സൗകര്യമൊരുക്കിയിരുന്ന മുറികളായിരുന്നു ഡിസിആറുകള്‍. ഇവ അടിയന്തര പ്രാധാന്യത്തോടെ തുറക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. മയക്കുമരുന്നുകള്‍ കുത്തിവെക്കുന്നവര്‍ക്കിടയില്‍ വ്യാപകമായി എച്ച്‌ഐവി പകരുന്നുണ്ടെന്ന് നാഷണല്‍ എയിഡ്‌സ് ട്രസ്റ്റ് പറയുന്നു. അതിന് തടയിടാന്‍ നിരവധി പ്രതിബന്ധങ്ങളാണ് മുന്നിലുള്ളത്. ഡിസിആറുകള്‍ തുറക്കുന്നതിനെതിരെ സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ഒരു പ്രധാന തടസമാണെന്നും എയിഡ്‌സ് ചാരിറ്റി വ്യക്തമാക്കുന്നു.

ഈ വിഷയം കഴിഞ്ഞ മാസം എസ്എന്‍പി പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഡിസിആറുകള്‍ തുറക്കാന്‍ ഗവണ്‍മെന്റ് തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ചികിത്സയും മയക്കുമരുന്നില്‍ നിന്നുള്ള മോചനവുമാണ് മുന്‍ഗണനയെന്നുമാണ് പ്രധാനമന്ത്രി ഇതിന് മറുപടിയായി പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു തുറന്ന സമീപനമാണ് വേണ്ടതെന്ന് എംപിമാരുടെ സംഘം ഹോം സെക്രട്ടറി സാജിദ് ജാവീദിന് അയച്ച കത്തില്‍ പറഞ്ഞു. എച്ച്‌ഐവി പടരുന്നതിന് തടയിടാന്‍ അത് ആവശ്യമാണെന്നും കത്ത് വ്യക്തമാക്കുന്നു.