ലണ്ടന്‍: തെരേസ മേയ് സര്‍ക്കാര്‍ ബ്രിട്ടന്റെ ഊര്‍ജവിപണിയില്‍ ഇടപെടുന്നു. പാവപ്പെട്ട കുടുംബങ്ങളെ ഉയര്‍ന്ന താരിഫ് നല്‍കുന്നതില്‍ നിന്ന് മോചിപ്പിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇടപെടല്‍. കാര്‍ഡിഫില്‍ നടന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വസന്തകാല സമ്മേളനത്തിനിടെയാണ് ഊര്‍ജവിതരണത്തില്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായി പ്രധാനമന്ത്രി നിലപാടെടുത്തത്.
വൈദ്യുതി ആഡംബരമല്ലെന്നും ഇത് നിത്യജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നും അവര്‍ പറഞ്ഞു. പതിനഞ്ചുവര്‍ഷത്തിനിടെ വൈദ്യുതനിരക്കില്‍ 158 ശതമാനത്തോളം വര്‍ധനയുണ്ടായതായും അത് സാധാരണ കുടുംബങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കുറഞ്ഞ വരുമാനമുള്ള വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്കും വളരെക്കൂടിയ താരിഫാണ് നിലവില്‍ ഈടാക്കുന്നത്.

ഇതിനു പരിഹാരമുണ്ടാക്കാനുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക. കാര്യക്ഷമമല്ലാത്ത ഊര്‍ജോല്‍പ്പാദന കമ്പനികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല, പക്ഷെ പാവപ്പെട്ടവരെ ദുരിതത്തിലാക്കുന്ന രീതിക്ക് മാറ്റമുണ്ടാക്കാനാണ് ശ്രമിക്കുകയെന്ന് തെരേസ മേയ് പറഞ്ഞു. വളരെ വേഗത്തില്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഉപഭോഗത്തിനനുസരിച്ച് മാത്രം പണം നല്‍കേണ്ട വിധത്തില്‍ പ്രൈസ് ക്യാപ്പുകള്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇതിനെതിരേ യുകെയിലെ ഏറ്റവും വലിയ ഊര്‍ജ വിതരണ കമ്പനിയായ ബ്രിട്ടീഷ് ഗ്യാസ് രംഗത്തെത്തി. പ്രൈസ് ക്യാപ്പ് സമ്പ്രദായം ഉപഭോക്താക്കള്‍ക്ക് ദോഷം ചെയ്യുമെന്നാണ് ബ്രിട്ടീഷ് ഗ്യാസ് വക്താക്കളുടെ വാദം. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുകയാണ്.