ലണ്ടന്‍: ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ജാലിയന്‍ വാലാ ബാഗില്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായ ബോധ്യം ഞങ്ങള്‍ക്കുണ്ട് അതുകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നിന് അഗാതമായ ഖേദ പ്രകടപ്പിക്കുന്നുവെന്നും എന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസ മേ പറഞ്ഞു. മേയുടെ പ്രസ്താവന ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിലാണെന്ന പ്രത്യേകത കൂടിയുണ്ട്. ബ്രിട്ടീഷ് ചരിത്രത്തിലെ മായ്ക്കാന്‍ കളയാത്ത കളങ്കമാണ് അമൃത്സറിലെ ജാലിയന്‍ വാലാ ബാഗില്‍ സംഭവിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി നേതാവുമായി ജെറമി കോര്‍ബനാണ് ജാലിയാന്‍ വാലാബാഗ് സംഭവത്തില്‍ രാജ്യം നിരുപാധികം മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടത്.

1919, ഏപ്രില്‍ 13 സിഖുകാരുടെ ബൈശാഖി ഉത്സവ ദിനമായിരുന്നു. അന്ന് അമൃത് സറിനടുത്തുള്ള ജാലിയന്‍വാലാബാഗ് മൈതാനത്തില്‍ പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ ഒരു പൊതുയോഗം സംഘടിപ്പിച്ചു. ആയിരക്കണക്കിനു സിഖുകാരും, മുസ്ലിംമുകളും ഹിന്ദുക്കളും അന്ന് ജാലിയന്‍ വാലാബാഗിലെ മൈതാനിയില്‍ തടിച്ചുകൂടിയിരുന്നു. ഇംഗ്ലീഷ് യുവതിയെ ഹിന്ദു ദൈവങ്ങളോട് ഉപമിച്ച ജനറല്‍ ഡയറുടെ പ്രസ്താവന ഒരു പാട് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇന്ത്യാക്കാരോടുള്ള ബ്രിട്ടന്റെ തരംതാണ വിവേചനമായാണ് ഇന്ത്യന്‍ സമൂഹം ആ പ്രസ്താവനയെ കണ്ടത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഈ പ്രസ്താവനക്കെതിരേ സമാധാനമായി പ്രതിഷേധിക്കാനാണ് അന്ന് ആ യോഗം കൂടിയത്.

യോഗം തുടങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, അന്ന് അമൃത് സറിലെ സൈനിക കമാന്‍ഡറായിരുന്ന ജനറല്‍ റജിനാള്‍ഡ് ഡയര്‍, 90 അംഗങ്ങള്‍ വരുന്ന ഒരു ചെറിയ സായുധസേനയുമായി മൈതാനം വളഞ്ഞു. യന്ത്രവത്കൃതതോക്കുകള്‍ ഘടിപ്പിച്ച രണ്ട് വാഹനങ്ങള്‍കൂടി ആ സേനയോടൊപ്പം ഡയര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ മൈതാനത്തിലേക്കുള്ള വഴി തീരെ ചെറുതായിരുന്നതിനാല്‍ ആ വാഹനങ്ങള്‍ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജാലിയന്‍വാലാബാഗ് മൈതാനം മതിലുകളാല്‍ ചുറ്റപ്പെട്ടതാണ്, മൈതാനത്തിലേക്കുള്ള വാതിലുകള്‍ തീരെ ഇടുങ്ങിയതുമാണ് അതില്‍ തന്നെ പലതും സ്ഥിരമായി അടച്ചിട്ടിരിക്കുകയുമാണ്. പ്രധാന വാതിലാണ് താരതമ്യേന വലിപ്പം കൂടിയതെങ്കിലും, ആ പ്രവേശനവാതില്‍ ഡയര്‍ സൈനികരെക്കൊണ്ടും വാഹനത്തെക്കൊണ്ടും അടച്ചിരുന്നു.

യോഗം പിരിഞ്ഞുപോകാന്‍ മുന്നറിയിപ്പു നല്‍കാതെ തന്നെയാണ് ഡയര്‍ വെടിവെപ്പിന് ഉത്തരവിട്ടത്. മീറ്റിങ്ങ് പിരിച്ചുവിടുക എന്നതിലുപരി ഇന്ത്യാക്കാരെ ഒരു പാഠം പഠിപ്പിക്കുവാനായിരുന്നു ആ നടപടിയെന്ന് ഡയര്‍ പിന്നീട് പറയുകയുണ്ടായി. വെടിക്കോപ്പുകള്‍ തീരുന്നതുവരെ വെടിവെക്കാന്‍ ഭടന്മാര്‍ക്ക് ഉത്തരവ് നല്‍കി. 1,650 തവണയാണ് പട്ടാളക്കാര്‍ ജനക്കൂട്ടത്തിനു നേരെ വെടിവെച്ചത്. സംഭവത്തിനുശേഷം ഒഴിഞ്ഞു കിടന്ന തിരകളുടെ പൊതികളില്‍ നിന്നുമാണ് ഈ കണക്ക് പിന്നീട് ലഭിച്ചത്. അപ്രതീക്ഷിതമായി വന്ന ഈ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനായി, ജനങ്ങള്‍ കൂട്ടത്തോടെ മൈതാനത്തിനകത്തുള്ള ഒരു ചെറിയ കിണറിലേക്ക് ചാടി. 120 മൃതശരീരങ്ങളാണ് ഈ ചെറിയ കിണറില്‍ നിന്നുമാത്രമായി ലഭിച്ചത്.

വെടിവെപ്പില്‍ മരണമടഞ്ഞവരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 379 പേര്‍ വെടിവെപ്പില്‍ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാലിത് 1800ല്‍ ഏറെയായിരുന്നു എന്ന് ഇതിനെക്കുറിച്ച് പഠിച്ച കോണ്‍ഗ്രസ്സിന്റെ കണക്കുകള്‍ പറയുന്നു. സംഭവത്തിനുശേഷം മാസങ്ങള്‍കഴിഞ്ഞ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. തങ്ങളുടെ കുടുംബത്തില്‍ നിന്നും ജാലിയന്‍വാലാബാഗ് വെടിവെപ്പില്‍ മരിച്ചവരുണ്ടെങ്കില്‍ അവരുടെ പേരുവിവരം സ്വയമേവ സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഫലപ്രദമായ ഒരു നടപടിയല്ലായിരുന്നു ഇത്. തങ്ങളുടെ പേരുവിവരം പുറത്തറിഞ്ഞാല്‍ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്ന് കരുതി കുറേയെറെ ആളുകള്‍ ഈ സന്നദ്ധപ്രവര്‍ത്തനത്തിനു മുതിര്‍ന്നില്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കണക്കുകളേക്കാള്‍ വളരെ ഉയര്‍ന്നതാണ് യഥാര്‍ത്ഥമരണ സംഖ്യ എന്ന് ദൃക്‌സാക്ഷികള്‍ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.