ലണ്ടന്‍: കുടിയേറ്റ നയത്തില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രതിനിധികൡ നിന്നും തെരേസ മേയ്ക്ക് എതിര്‍പ്പുകള്‍. പുതിയ കുടിയേറ്റ നയത്തില്‍ നിന്ന് വിദേശികളായ വിദ്യാര്‍ത്ഥികളെ ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്. കോമണ്‍സിലും കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഈ ആവശ്യവുമായി രംഗത്തെത്തുമെന്നാണ് പുതിയ വിവരം. വിദേശ വിദ്യാര്‍ത്ഥികളെ കുയിയേറ്റക്കാരായി കാണാന്‍ കഴിയില്ലെന്നാണ് മന്ത്രിസഭയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സര്‍ക്കാര്‍ നയവും ഇതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കാന്‍ ഇരിക്കെയാണ് ഇതിനെതിരെ ടോറി അംഗങ്ങളും എത്തിയത്.

ഹൗസ് ഓഫ് ലോര്‍ഡ്‌സ് കഴിഞ്ഞ മാസം പാസാക്കിയ ഹയര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഭേദഗതി ബില്‍ ബുധനാഴ്ച ചര്‍ച്ചക്കെടുക്കുമ്പോള്‍ വാദപ്രതിവാദങ്ങള്‍ കോമണ്‍സില്‍ ഉണ്ടാവാനിടയുണ്ട്. പഠനകാലയളവില്‍ വിദേശ വിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരായി പരിഗണിക്കണമെന്നാണ് ഭേദഗതി. 219നെതിരെ 313 വോട്ടുകള്‍ക്കാണ് ലോര്‍ഡ്‌സ് ഇത് പാസാക്കിയത്. ഇതിനെ അനുകൂലിക്കുന്ന ടോറി അംഗങ്ങളാണ് വിമത നീക്കം നടത്തുന്നത്. ഈ ഭേദഗതി നിര്‍ദേശം പരാജയപ്പെടുത്തണമെന്ന് ടോറി വിപ്പ് നല്‍കാനും നീക്കമുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭേദഗതിയെ അനുകൂലിച്ചാല്‍ 9 ടോറി അംഗങ്ങളുടെ മാത്രം പിന്തുണയില്‍ ബില്‍ പാസാകും. എന്നാല്‍ 17 പേര്‍ വിമത സ്വരം ഉയര്‍ത്തുന്നതാണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന് ആശങ്കയ്ക്ക് വക നല്‍കുന്നത്. പരാജയ സാധ്യതയുള്ളതിനാല്‍ പ്രധാനമന്ത്രി ഒത്തുതീര്‍പ്പിന് വഴങ്ങുമെന്നും പ്രതീക്ഷയുണ്ട്. കുടിയേറ്റ നയത്തിലെ മാറ്റം മൂലം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. സെപ്റ്റംബറിലെ കണക്കനുസരിച്ച് 41,000 വിദ്യാര്‍ത്ഥികളുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ യൂണിവേഴ്‌സിറ്റികള്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കകളും നിലവിലുണ്ട്.