ലണ്ടന്‍: കുടിയേറ്റ നയത്തില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇളവുകള്‍ വേണമെന്ന ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചതായി സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ ഐക്യം നിലനിര്‍ത്തേണ്ടത് ആവശ്യമായതിനാല്‍ ഗത്യന്തരമില്ലാതെ മേയ് ഇക്കാര്യം അംഗീകരിച്ചുവെന്നാണ് വിവരം. കുടിയേറ്റം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും നിയന്ത്രണമേര്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ നീക്കം. വിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരായി കാണാനാവില്ലെന്ന നയത്തിനെതിരെ ടോറി അംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു.

വിദ്യാര്‍ത്ഥികളെ പഠന കാലയളവില്‍ കുടിയേറ്റക്കാരായി പരിഗണിക്കമെന്നും ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്ലില്‍ ഭേദഗതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ വോട്ട് ചെയ്യണമെന്നായിരുന്നു കോമണ്‍സില്‍ ടോറി വിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നിര്‍ദേശത്തിനി സ്വന്തം അംഗങ്ങളില്‍ നിന്നു പോലും മേയ്ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. തെരഞ്ഞെടുപ്പു കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിമത നീക്കം തടയാനായി ബില്ലിനുമേലുള്ള കടുംപിടിത്തം സര്‍ക്കാര്‍ ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കുടിയേറ്റ നയത്തിലെ മാറ്റം മൂലം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. സെപ്റ്റംബറിലെ കണക്കനുസരിച്ച് 41,000 വിദ്യാര്‍ത്ഥികളുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ യൂണിവേഴ്സിറ്റികള്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കകളും നിലവിലുണ്ടായിരുന്നു.