ലണ്ടന്‍: ബ്രെക്‌സിറ്റ് കരട് രേഖയ്ക്ക് എംപിമാരുടെ പിന്തുണ തേടാന്‍ അവസാന ശ്രമവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. പാര്‍ലമെന്റില്‍ അടുത്ത മാസം ആദ്യവാരത്തില്‍ വോട്ടെടുപ്പിനിടുന്നത് പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാറായിരിക്കുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പിന്മാറുന്നതിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന കരാറിന്റെ കരടില്‍ ഇതു നാലാമത്തെ വോട്ടെടുപ്പാണു നടക്കാന്‍ പോകുന്നത്. ഇത്തവണ എം.പിമാരുടെ പിന്തുണ ഉറപ്പിക്കാന്‍ കണ്‍സര്‍വേറ്റിവിലെ മുതിര്‍ന്ന നേതാക്കളുടെ സഹായം മേ തേടിയേക്കും. കരട് രേഖ അംഗീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും വോട്ടെടുപ്പിന് ശേഷം മേ രാജിവെക്കണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടായിരിക്കുന്ന അഭിപ്രായം.

കരാറില്‍ ഒത്തുതീര്‍പ്പിനു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പാളിയ പശ്ചാത്തലത്തിലാണ് മേ പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാര്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ക്രോസ് പാര്‍ട്ടി ചര്‍ച്ചകള്‍ പരാജയപ്പെട്ടത് മേയ്ക്ക് കൂടുതല്‍ പ്രതികൂല സാഹചര്യമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിയുന്നിടത്തോളം ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ലേബര്‍പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പറഞ്ഞു. തെരേസാ മേയ് സര്‍ക്കാരിന്റെ ദുര്‍ബലതയും അസ്ഥിരതയും വര്‍ധിച്ചുവരുന്നതിനാല്‍ കരാറില്‍ വിശ്വാസമര്‍പ്പിക്കാനാവില്ലെന്നും മേയുടെ കരാറിനെ എതിര്‍ക്കുന്ന നിലപാടുമായിത്തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രെക്‌സിറ്റ് വിഷയത്തില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്നതില്‍ ലേബര്‍പാര്‍ട്ടിക്കുള്ളില്‍ ധാരണയാകാത്തതാണ് ചര്‍ച്ചയ്ക്ക് തടസ്സമായതെന്നാണ് മേ പ്രതികരിച്ചത്. കരാര്‍ പാര്‍ലമെന്റംഗങ്ങളുടെ തീരുമാനത്തിന് വിടുകയെന്ന സാധ്യതയാണ് ഇനി പരിഗണിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

എംപിമാരുടെ വിവിധ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പിന്മാറ്റ നടപടികളാണ് പുതുക്കിയ കരാറില്‍ നിര്‍ദേശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നത്. വിവാദ വിഷയങ്ങളില്‍ മെച്ചപ്പെട്ട നിലപാടോടെ തയാറാക്കുന്ന കരാര്‍ എംപിമാര്‍ ‘പുതിയ കണ്ണോടെ’കാണണമെന്നു മേ അഭ്യര്‍ഥിച്ചു. വിവാദ കരാര്‍ പാസാക്കുന്ന കാര്യത്തില്‍ സ്വന്തം കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍നിന്നു വരെ എതിര്‍പ്പു നേരിടുന്ന മേ, താന്‍ സ്ഥാനമൊഴിയുന്നതിന്റെ വിശദാംശങ്ങള്‍ അടുത്ത മാസം പുറത്തുവിടുമെന്നാണു പറഞ്ഞിരിക്കുന്നത്. പാര്‍ലമെന്റില്‍ കരാര്‍ പാസാക്കി ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാന്‍ ഒക്ടോബര്‍ 31 വരെയാണു യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനു സമയം നീട്ടിക്കൊടുത്തിരിക്കുന്നത്.