രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏതെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നേരിട്ടിട്ടുള്ള ഏറ്റവും വലിയ തോല്‍വിയായിരിക്കും കോമണ്‍സില്‍ ഇന്ന് തെരേസ മേയ് നേരിടുകയെന്ന് റിപ്പോര്‍ട്ട്. 100 കണ്‍സര്‍വേറ്റീവ് എംപിമാരും പ്രധാനമന്ത്രിയുടെ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്നാണ് അവസാന വിവരം. ബില്ലിന്റെ പരാജയം സര്‍ക്കാരിനെയും രാജ്യത്തെയും അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടേക്കും. ബില്‍ പരാജയപ്പെട്ടാല്‍ തെരേസ മേയ് തന്റെ പ്ലാന്‍-ബി പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്രസല്‍സില്‍ എത്തി ഉടമ്പടിയില്‍ ഇളവുകള്‍ക്കായി യാചിക്കുക എന്നതു മാത്രമാണ് മേയ്ക്കു മുന്നിലുള്ള അടുത്ത വഴി. ഇതിനായി ഒരു റോയല്‍ എയര്‍ഫോഴ്‌സ് വിമാനം തയ്യാറാക്കി നിര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

എന്നാല്‍ ഇത്തരം സാവകാശങ്ങള്‍ തേടാന്‍ ഇവര്‍ക്ക് അവസരം കിട്ടുമോ എന്ന സംശയവും ഉയരുന്നുണ്ട്. എല്ലാ കണ്ണുകളും ലേബറിലേക്കും നേതാവ് ജെറമി കോര്‍ബിനിലേക്കുമാണ് നീളുന്നത്. ബില്‍ പരാജയപ്പെട്ടാല്‍ ലേബര്‍ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ബില്‍ പരാജയപ്പെട്ടാല്‍ മേയ് രാജിവെക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ബില്‍ പരാജയപ്പെട്ടാല്‍ ബ്രെക്‌സിറ്റ് തന്നെ ഉണ്ടാകില്ലെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ ക്യാമ്പില്‍ നിന്ന് ലഭിക്കുന്നത്. ഇടഞ്ഞു നില്‍ക്കുന്ന ബ്രെക്‌സിറ്റ് അനുകൂലികളെ ഒപ്പം നിര്‍ത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ ബില്‍ പരാജയപ്പെടുന്നത് രാജ്യത്തെ തകര്‍ക്കുമെന്ന പ്രസ്താവനയും മേയ് നടത്തി.

പാര്‍ലമെന്റില്‍ നേരിട്ടേക്കാവുന്ന പരാജയത്തിനു പുറമേ, ബില്ലില്‍ ഇളവുകള്‍ വേണമെന്ന ആവശ്യം ബ്രസല്‍സ് തള്ളിയേക്കുമെന്നും സൂചനയുണ്ട്. എംപിമാരെ തണുപ്പിക്കാനുള്ള നീക്കമാണ് ബ്രസല്‍സിനെ വീണ്ടും സമീപിച്ചു കൊണ്ട് മേയ് നടത്തുക. എന്നാല്‍ ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് പോലെയുള്ള വിഷയങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍.