ലണ്ടന്‍: ‘ബ്രെക്‌സിറ്റ് ഡിലേ’ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാനൊരുങ്ങി പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റ് അനിശ്ചിതത്വം നേരിടുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനോട് ഔദ്യോഗികമായി ബ്രെക്‌സിറ്റ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടേക്കും. തുടര്‍ച്ചയായി രണ്ടു തവണയും പാര്‍ലമെന്റിന്റെ പിന്തുണ തേടാന്‍ മേയ്ക്ക് കഴിയാതെ വന്നതോടെ ഡിലേ നീക്കങ്ങളിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നത്. രണ്ടുവര്‍ഷം വരെ ബ്രെക്‌സിറ്റ് നീണ്ടുപോകാനുള്ള സാധ്യതയുള്ളതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ സാഹചര്യം അനുസരിച്ച് 10 ദിവസം മാത്രമാണ് യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബാക്കിയുള്ളത്. എന്നാല്‍ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തില്‍ 10 ദിവസത്തിനകം യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ യു.കെയ്ക്ക് കഴിയില്ല.

അതേസമയം കൃത്യമായ പദ്ധതിയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ ഡിലേ അനുവദിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ബ്രക്‌സിറ്റ് മധ്യസ്ഥ ചര്‍ച്ചകള്‍ നയിക്കുന്ന മിച്ചല്‍ ബാര്‍നിയര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്സിറ്റ് തന്നെ ഇല്ലാതാകുമെന്ന് കണ്‍സര്‍വേറ്റീവ് റിബല്‍ എംപിമാര്‍ക്ക് പ്രധാനമന്ത്രി തെരേസ മേയുടെ ഭീഷണി നേരിട്ടിരുന്നു. മേയ് മുന്നോട്ടുവെച്ച ബ്രെക്സിറ്റ് ഉടമ്പടി കോമണ്‍സ് രണ്ടാമതും വോട്ടിനിട്ട് തള്ളിയ സാഹചര്യത്തിലാണ് തനിക്കെതിരെ വോട്ടു ചെയ്ത സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ക്ക് മുന്നറിയിപ്പുമായി അവര്‍ രംഗത്തെത്തിയത്. മൂന്നാമതും ബ്രെക്‌സിറ്റ് പോളിസി പാര്‍ലമെന്റിലെത്തിച്ച് പിന്തുണ തേടാമെന്ന ധാരണയിലാണ് അത്തരമൊരു ഭീഷണിയുമായി മേയ് രംഗത്ത് വന്നത്. എന്നാല്‍ മൂന്നാമതും പാര്‍ലമെന്റില്‍ പിന്തുണ തേടിയെത്താനുള്ള മേയുടെ നീക്കങ്ങള്‍ സ്പീക്കര്‍ തടഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി.

രണ്ടുതവണയും പരാജയപ്പെട്ട പോളിസികളില്‍ നിന്ന് വ്യക്തമായ മാറ്റം ഉള്‍ക്കൊള്ളാതെ മൂന്നാമത് എം,പിമാര്‍ക്ക് മുന്നിലെത്തേണ്ടതില്ലെന്നാണ് സ്പീക്കറുടെ നിര്‍ദേശം. മേയ് നിര്‍ദേശിച്ചിരിക്കുന്ന ബ്രെക്‌സിറ്റ് പോളിസി യു.കെയ്ക്ക് ഗുണം ചെയ്യില്ലെന്നും സ്പീക്കര്‍ പാര്‍ലമെന്റിന്റെ താല്‍പ്പര്യം മുഖവിലക്കെടുത്തുവെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബന്‍ പ്രതികരിച്ചു. ഡിലേ നടപടിക്രമങ്ങളിലേക്ക് കടക്കുന്നതോടെ പ്രതിഷേധവും കനക്കാന്‍ സാധ്യതയുണ്ട്. ബ്രെക്‌സിറ്റ് അനുകൂലികള്‍ വലിയ പ്രതിഷേധവുമായി രംഗത്ത് വരുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.