ലണ്ടന്‍: വര്‍ദ്ധിപ്പിച്ച യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദമേറുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ശരാശരി 50,000 പൗണ്ടിനു മേല്‍ കടം വരുത്തുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് ഇതു സംബന്ധിച്ച് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ടു പേരും ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കണമെന്നോ പൂര്‍ണ്ണമായും എടുത്തുകളയണമെന്നോ ആവശ്യപ്പെട്ടു. ചില സര്‍വകലാശാലകളില്‍ ഈ ഓട്ടം ആകുന്നതോടെ ട്യൂഷന്‍ ഫീസ് 9250 പൗണ്ടായി ഉയരും.

വിദ്യാഭ്യാസ ലോണുകളില്‍ ചുമത്തുന്ന ഉയര്‍ന്ന പലിശ നിരക്ക് ഇല്ലാതാക്കണമെന്ന ആവശ്യവും സര്‍വേയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. അടുത്ത മാസത്തോടെ പലിശ നിരക്ക് 6.1 ശതമാനമായി ഉയരും എന്നാണ് കരുതുന്നത്. ഉയര്‍ന്ന പലിശനിരക്ക് കാരണം 75 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വായ്പകള്‍ പൂര്‍ണ്ണമായി അടച്ചു തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് കുറ്റപ്പെടുത്തുന്നു. വികസിത രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കടങ്ങള്‍ നില്‍ക്കുന്നതെന്നും ഐഎഫ്എസ് വ്യക്തമാക്കുന്നു.

മെയിന്റനന്‍സ് ഗ്രാന്റുകള്‍ ഇല്ലാതാക്കി പകരം വിദ്യാഭ്യാസ വായ്പകള്‍ കൊണ്ടുവന്നതോടെ സാമ്പത്തികശേഷി കുറഞ്ഞ വിദ്യാര്‍ത്ഥികളുടെ കടം 57,000 പൗണ്ടായി ഉയരുമെന്നാണ് വിവരം. എ ലെവല്‍ പരീക്ഷയുടെ ഫലങ്ങള്‍ വരുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഈ സര്‍വേ ഫലം പുറത്തു വന്നിരിക്കുന്നത്. യൂണിവേഴ്‌സിറ്റികളില്‍ പുതിയ അഡ്മിഷനുകള്‍ക്കുള്ള സമയവും അടുത്തുകൊണ്ടിരിക്കുകയാണ്.