ലണ്ടന്‍: അമിത ബില്ല് ഏര്‍പ്പെടുത്തി ഉപഭോക്താക്കളെ പിഴിയുന്ന എനര്‍ജി കമ്പനികള്‍ക്ക് മൂക്ക്കയറിടാനൊരുങ്ങി സര്‍ക്കാര്‍. എനര്‍ജി ബില്ലുകള്‍ക്ക് പരിധി നിശ്ചയിക്കാനുള്ള ബില്ലിന്റെ കരട് പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ചു. കണ്‍സര്‍വേറ്റീവ് സമ്മേളനത്തില്‍ അവതരിപ്പിച്ച നിര്‍ദേശം കോമണ്‍സില്‍ കരട് ബില്ലായി അവതരിപ്പിക്കുകയായിരുന്നു. ഒരേ വിതരണക്കാരുടെ ഉപഭോക്താക്കളായി തുടരുന്നവരെ പിഴിയുന്ന സമീപനം കമ്പനികള്‍ സ്വീകരിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. അത്തരം ചൂഷണങ്ങള്‍ ഒഴിവാക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജൂണിലെ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു നിയമത്തില്‍ ഭേദഗതി വരുത്തുമെന്നത്. എന്നാല്‍ ക്വീന്‍സ് സ്പീച്ചിനു ശേഷം ചില എംപിമാര്‍ ഇത് സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലാകുമെന്നും സ്വതന്ത്ര വിപണിയെന്ന ആശയത്തിന് വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള 192 എംപിമാര്‍ എനര്‍ജി വിലയില്‍ ഇടപെടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പാവപ്പെട്ട ഉപഭോക്താക്കളെ കമ്പനികള്‍ ഇരകളാക്കുകയാണെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഇവര്‍ പറഞ്ഞു.

ഈ കത്തിലെ നിര്‍ദേശങ്ങളില്‍ താരിഫുകള്‍ക്ക് പരിധി നിര്‍ണ്ണയിക്കാനുള്ള പദ്ധതിക്ക് തെരേസ മേയ് അംഗീകാരം നല്‍കി. കരട് ബില്‍ ഇനി ബിസിനസ്, എനര്‍ജി, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി സെലക്റ്റ് കമ്മിറ്റികളുടെ പരിശോധനയ്ക്ക് എത്തും. തങ്ങളുടെ ഓഹരികളില്‍ ലക്ഷങ്ങളുടെ മൂല്യം കുറയ്ക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നായിരുന്നു കമ്പനികള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. ചെറിയ താരിഫുകളില്‍ ഓഫ്‌ജെം നിശ്ചയിക്കുന്ന പരിധിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.