കോമണ്‍സില്‍ അനിവാര്യമായ പരാജയം പ്രതീക്ഷിക്കുന്ന ബ്രെക്‌സിറ്റ് ബില്ലിന് ലോര്‍ഡ്‌സിലും തിരിച്ചടി. തെരേസ മേയ് അവതരിപ്പിച്ച ഉടമ്പടി 152നെതിരെ 169 വോട്ടുകള്‍ക്കാണ് ലോര്‍ഡ്‌സ് തള്ളിയത്. കോമണ്‍സില്‍ ഇന്ന് വൈകിട്ട് 7 മണിക്കും 9 മണിക്കും ഇടക്കാണ് ബ്രെക്‌സിറ്റ് ഡീലില്‍ നിര്‍ണ്ണായക വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് തൊട്ടുമുമ്പാണ് ലോര്‍ഡ്‌സ് ബില്ലിന് കനത്ത പ്രഹരം നല്‍കിയിരിക്കുന്നത്. മേയ് നിര്‍ദേശിച്ചിരിക്കുന്ന ഉടമ്പടി രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധി ഇല്ലാതാക്കുകയും ആഭ്യന്തര സുരക്ഷയെയും ആഗോള സ്വാധീനത്തെയും ബാധിക്കുകയും ചെയ്യുമെന്ന് ലോര്‍ഡ്‌സ് അഭിപ്രായപ്പെട്ടു. നോ-ഡീല്‍ ബ്രെക്‌സിറ്റ് അംഗീകരിക്കരുതെന്ന് പ്രമേയം എംപിമാരോട് ആവശ്യപ്പെടുന്നു. 130ലേറെ ലോര്‍ഡ്‌സ് അംഗങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

യുകെയും യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധം ഒട്ടും ശുഭകരമാക്കുന്ന ഒന്നല്ല മേയുടെ രാഷ്ട്രീയ പ്രഖ്യാപനമെന്ന് ലേബറിനെ അനുകൂലിച്ച് സംസാരിച്ച ബാരോണസ് ഹെയ്റ്റര്‍ ഓഫ് കെന്റിഷ് ടൗണ്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലുള്ളവരുമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി രണ്ടു വര്‍ഷം പാഴാക്കുകയായിരുന്നു. അന്ധമായി ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവരെ ചുമതലയേല്‍പ്പിച്ചുവെന്നും അവര്‍ ആരോപിച്ചു. കസ്റ്റംസ് യൂണിയനായിരുന്നു ലേബറിന് നിര്‍ദേശിക്കാനുണ്ടായിരുന്ന മറ്റൊരു മാര്‍ഗം. എന്നാല്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും പരിഹാരമല്ലെന്നും പ്രധാനമന്ത്രിയുടെ ഡീലിന് പിന്തുണ കൊടുക്കുകയാണ് വേണ്ടതെന്നും ലോര്‍ഡ് കീന്‍ ഓഫ് എലീ പറഞ്ഞു. 2016ലെ ഹിതപരിശോധനാ ഫലത്തെ ബഹുമാനിക്കണമെന്നും ടോറി അംഗമായ അദ്ദേഹം പറഞ്ഞു.

കണ്‍സര്‍വേറ്റീവുകള്‍ക്കിടയിലെ തൊഴുത്തില്‍ കുത്തിനിടയില്‍ രാജ്യത്തെ പണയപ്പണ്ടമാക്കി മാറ്റിയിരിക്കുകയാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് അംഗം ബാരോണസ് ലുഡ്‌ഫോര്‍ഡ് പറഞ്ഞു. ഇനിയൊരു ഹിതപരിശോധന നടത്തുകയാണെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരാനായിരിക്കും ജനങ്ങള്‍ വിധിയെഴുതുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ടോറികള്‍ക്കുള്ളില്‍ പോലും വലിയ എതിര്‍പ്പ് നേരിടുന്ന ബ്രെക്‌സിറ്റ് ഡീല്‍ കോമണ്‍സ് കൂടി വോട്ടിനിട്ട് തള്ളിയാല്‍ ബ്രിട്ടനില്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങളാകും വരും ദിവസങ്ങളില്‍ ഉണ്ടാകുക.