ബ്രസല്‍സ്: യൂറോപ്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന വേണ്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ നനഞ്ഞ പടക്കമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ്. പാര്‍ലമെന്റിന്റെ മുഖ്യ ബ്രെക്‌സിറ്റ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്സ്റ്റാറ്റ് ആണ് ഈ വിമര്‍ശനം ഉന്നയിച്ചത്. ഈ നിര്‍ദേശങ്ങള്‍ അംഗീരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയില്‍ താമസിക്കുന്ന 30 ലക്ഷത്തോളം വരുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്കു വേണ്ടി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവയല്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശങ്ങള്‍ വ്യക്തതയില്ലാത്തതും യുകെയിലെ യൂറോപ്യന്‍ ജനതയ്ക്കുമേല്‍ അനിശ്ചിതത്വം ഉയര്‍ത്തുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോപ്യന്‍ നീതിന്യായ കോടതിയുടെ അധികാര പരിധിയില്‍ നിന്ന് പുറത്തു പോകണമെന്നാണ് ബ്രിട്ടന്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മറ്റൊരു അന്താരാഷ്ട്ര സമിതി രൂപീകരിക്കണമെന്നാണ് ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് അഭിപ്രായപ്പെടുന്നത്. ഇത്തരം നിര്‍ദേശങ്ങളും യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും വെര്‍ഹോഫ്സ്റ്റാറ്റ് വിശദീകരിച്ചു. നിലവില്‍ യുകെ, യൂറോപ്യന്‍ പൗരന്‍മാര്‍ അനുഭവിച്ചു വരുന്ന അവകാശങ്ങള്‍ അതേപടി നിലനിര്‍ത്തുന്ന നിര്‍ദേശങ്ങളാണ് യൂണിയന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ നിര്‍ദേശങ്ങള്‍ വന്ന് മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ബ്രിട്ടന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്. ഇവയനുസരിച്ച് ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനിലുള്ള യൂറോപ്യന്‍ പൗരന്‍മാര്‍ ഒരു മൂന്നാം രാജ്യത്തെ പൗരന്‍മാരായി മാറുമെന്ന് വെര്‍ഹോഫ്സ്റ്റാറ്റ് പറഞ്ഞു. ഇവര്‍ ബ്രിട്ടനിലെ രണ്ടാം നിര പൗരന്മാരായി കണക്കാക്കപ്പെടുന്ന നിര്‍ദേശങ്ങളാണ് ഇവയെന്നും അദ്ദേഹം വ്യക്തമാക്കി.