ലണ്ടന്‍: എന്‍.എച്ച്.എസ് ഡാക്ടര്‍മാര്‍ പ്രിസ്‌ക്രൈബ് ചെയ്യുന്ന മൂന്നിലൊന്ന് ആന്റിബയോട്ടിക്കുകളും അനാവശ്യമെന്ന് ചീഫ് മെഡിക്കള്‍ ഓഫീസറുടെ മുന്നറിയിപ്പ്. രോഗവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി ആന്റിബയോട്ടിക്കുകളാണ് രോഗികള്‍ കഴിക്കേണ്ടി വരുന്നതെന്നും ഇത് ഭാവിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിമാറുമെന്നും ചീഫ് മെഡിക്കള്‍ ഓഫീസര്‍ ഡെയിം സാലി ഡാവിയേസ് മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് നടക്കുന്ന വിവിധ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡോക്ടര്‍മാര്‍ നല്‍കുന്ന ആന്റിബയോട്ടിക്കില്‍ 33 ശതമാനവും രോഗവുമായി യാതൊരു ബന്ധവുമില്ലാത്തവയാണ്. ഇത്തരം രീതികള്‍ തുടര്‍ന്നാല്‍ ഭാവിയില്‍ വലിയ ആരോഗ്യ പ്രതിസന്ധിയായിരിക്കും നമ്മെ കാത്തിരിക്കുന്നതെന്നും സാലി വ്യക്തമാക്കി.

വേഗത്തില്‍ രോഗശാന്തി ലഭിക്കാനായി ആന്റിബയോട്ടിക് അനിയന്ത്രിതമായി ഉപയോഗിച്ചാല്‍ രോഗം മാറുകയല്ല മറിച്ച് താല്‍ക്കാലിക ആശ്വാസം ഉണ്ടാവുകയാണ് ചെയ്യുക. ഡയഗ്‌നോസ് ചെയ്തിരിക്കുന്ന രോഗത്തെക്കുറിച്ച് കൃത്യമായ അറിവില്ലാതെ പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകളും പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. ആന്റിബയോട്ടിക് മരുന്നുകളുടെ തോന്നിയപടിയുള്ള ഉപയോഗം വിഷപ്പാമ്പിനെ നോവിച്ചു വിടുന്നതു പോലെയാണ്. വേദനിച്ച പാമ്പ് കൂടുതല്‍ കരുത്തോടെ ആക്രമിക്കും. കൃത്യമായ അളവിലല്ലാതെയും അനാവശ്യമായും ശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കുകള്‍ മൂലം രോഗാണുക്കള്‍ക്കു മരുന്നിനോടു പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാകുന്നു. അഥവാ രോഗാണുക്കള്‍ മരുന്നുകളെക്കാള്‍ കരുത്തരാകുന്നു.

ആന്റിമൈക്രോബിയല്‍ കണ്ടിഷനിലേക്ക് (എഎംആര്‍) രോഗികള്‍ എത്തിച്ചേരുന്നതിന് നിലവിലെ സാഹചര്യം കാരണമാകുമെന്ന് സാലി മുന്നറിയിപ്പ് നല്‍കുന്നു. രോഗാണുക്കള്‍ മരുന്നിനേക്കാള്‍ ശക്തരായി സ്വഭാവിക പ്രതിരോധ ശേഷിയെ നശിപ്പിക്കാന്‍ ഈ സാഹചര്യം കാരണമായേക്കും. പനി മുതല്‍ കാന്‍സര്‍ വരെയുള്ള ഏതു രോഗങ്ങള്‍ക്കും എഎംആര്‍ വില്ലനാകാം. അതായത് എഎംആര്‍ ഉള്ള വൈറസ് വഴി ബാധിച്ച പനി പോലും ചികില്‍സിക്കാനാവില്ല. ക്രമേണ രോഗം മൂര്‍ച്ഛിച്ചു രോഗി മരണത്തിനു കീഴടങ്ങും. അണുബാധയാണ് ഏറ്റവും വലിയ ഭീഷണി. പലരും പുറമേ കാണപ്പെടുന്ന രോഗങ്ങളില്‍ നിന്നു വിമുക്തി നേടിയാലും അപ്രതീക്ഷിതമായുണ്ടാകുന്ന അണുബാധ മൂലം മരണം വരെയുണ്ടാകാം.

ജനങ്ങളുടെ ആരോഗ്യം പരിസ്ഥിതിയുടെയും മൃഗങ്ങളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മൃഗങ്ങളിലും വിളകളിലും ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളില്‍ സൂക്ഷ്മ ശ്രദ്ധ വേണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തല്‍സ്ഥിതി തുടര്‍ന്നാല്‍ 2050ല്‍ ഒരു മില്യണ്‍ മരണങ്ങള്‍ക്ക് എഎംആര്‍ കാരണമാകുമെന്നാണ് 2016ല്‍ പുറത്തിറങ്ങിയ പഠനം വ്യക്തമാക്കുന്നത്.