പ്ലസ്സ്ടുമുതൽ പ്രേമത്തിലായിരുന്നെന്നും ഇപ്പോൾ പുതിയ കാമുകനുണ്ടെന്ന് അറിയിച്ചതിനാലാണ് ക്രൂരകൃത്യത്തിന് മുതിർന്നതെന്നും തിരുവല്ല പൊലീസ് കസ്റ്റഡിയിലുള്ള കോയിപ്പുറം കുമ്പനാട് കടപ്രാ കാരിലിൽ അജിൻ റെജി മാത്യു പൊലീസിനോട് സമ്മതിച്ചു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള പെൺകുട്ടി  ഗുരുതരമായി വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തുന്നത് എന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.

തിരുവല്ല ചുമത്ര സ്വദേശിനിയായ 19 കാരിയെ ഇന്ന് രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത്തിയതിനെത്തുടർന്ന് നാട്ടുകാരാണ് ഇയാളെ പിടികൂടി തടഞ്ഞുവച്ച് തിരുവല്ല പൊലീസിന് കൈമാറിയത്. പരിക്കുള്ളതിനാൽ അജിനെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി.

അജിൻ വെച്ചുച്ചിറ വിശ്വാബ്രാഹ്മിൺസ് കോളേജിലെ ബി എസ് സി കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. പെൺകുട്ടി നഗരത്തിലെ സ്വാകാര്യ സ്ഥാപനത്തിൽ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സിൽ ചേർന്ന് പഠിച്ചുവരികയായിരുന്നു. പെൺകുട്ടിയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് താൻ എത്തിയതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ അജിൻ ഉറപ്പിച്ചുപറഞ്ഞതായിട്ടാണ് സൂചന.

അജിൻ റെജി മാത്യുവിന്റെ കുറ്റസമ്മതം ഇങ്ങനെ

പുത്തേഴം ഹയർ സെക്കന്റി സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പെൺകുട്ടിയും താനും അടുപ്പത്തിലായിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി തന്നെ അവഗണിക്കുന്നതായി മനസ്സിലായി എന്നും കാരണം തിരക്കിയപ്പോൾ വേറെ കാമുകനുണ്ടെന്നും പെൺകുട്ടി പറഞ്ഞതാണ് പ്രകോപനമായത്. ഇനി തന്നെ കാണാൻ വരണ്ടെന്നും പെൺകുട്ടി പറഞ്ഞെന്നും ഇതിന് ശേഷമാണ് വക വരുത്താൻ തീരുമാനിച്ചതെന്നുമാണ് അജിൻ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

വരുന്ന വഴി പുല്ലാടു നിന്നും രണ്ട് കുപ്പികൾ നിറയെ പെട്രോൾ വാങ്ങിയാണ് അജിൻ ചിലങ്ക ജംഗ്ഷനിൽ പെൺകുട്ടിയെയും കാത്ത് നിന്നിരുന്നത്. കൈയിൽ കത്തിയും കരുതിയിരുന്നു. പെൺകുട്ടിയെ കണ്ടതോടെ അജിൻ പാഞ്ഞടുത്ത് വയറ്റിൽ കുത്തി. ഇതിന് ശേഷമാണ് പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തിയതെന്നാണ് ദൃസാക്ഷികളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

കൃത്യത്തിന് ശേഷം രക്ഷപെടുന്നതിനുള്ള അജിന്റെ നീക്കം നാട്ടുകാരുടെ സമയോജിതമായ ഇടപെടൽ കൊണ്ട് വിഫലമാവുകയായിരുന്നു. ബലപ്രയോഗത്തിലൂടെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഓടിക്കൂടിയവർ ഷർട്ടുകൊണ്ട് കൈകൾ പിന്നിലേയ്ക്കാക്കി ബന്ധിയിക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കും തെളിവെടുപ്പിനും ശേഷം അജിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അയിരൂർ സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമത്തിനിരയായത്. രാവിലെ ബൈക്കിൽ രണ്ടു കുപ്പി പെട്രോളുമായി പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിനു സമീപത്തെ ബസ് സ്റ്റോപ്പിൽ തടഞ്ഞ് നിർത്തിയാണ് അക്രമം നടത്തിയത്

നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപോൾ തന്നെ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. കൊളുത്തിയ നിലയിൽ പെൺകുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാർ വെള്ളമൊഴിച്ച് തീയണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.  പെൺകുട്ടിയുടെ മുടിയിൽ തീപടർന്നു. മുഖത്ത് ഭാഗികമായി പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.