നെയ്യാറ്റിന്‍കര ജെബിഎസില്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കലോത്സവ നാടക മല്‍സര വേദിയിൽ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കുകളേറ്റു. കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു. കൂടാതെ നെയ്യാറ്റിന്‍കര ബോയിസ് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് സാരമായ പരുക്കുണ്ടെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും നടി പ്രവീണയുടെ മകളുമായ ഗൗരി പ്രമോദ്, ഇതേ സ്‌കൂളിലെ ഗൗരി ജ്യോതിഷ്, അധ്യാപകരായ വിന്‍സെന്റ്, ലക്ഷ്മി രംഗന്‍ തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഗൗരി പ്രമോദിന് കാലിലും ഗൗരി ജ്യോതിഷിന് കൈയ്യിക്കുമാണ് പരിക്ക്.

നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കാര്‍മല്‍ സ്‌കൂളിനായിരുന്നു. ഇതില്‍ നെയ്യാറ്റിന്‍കര ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പേരിലെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കാര്‍മലിലെ വിദ്യാര്‍ഥികള്‍ അഭയം തേടിയത് ക്രൈസ്റ്റ് നഗറിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന മുറിയിലാണ്. സംഘര്‍ഷം ആ ഭാഗത്തേക്കും വ്യാപിച്ചത്തോടെ കാര്‍മലിലെ വിദ്യാര്‍ഥിനികള്‍ അതില്‍പ്പെടുകയായിരുന്നു.

വേദിയിൽ തുടക്കം മുതൽ വാക്കേറ്റവും പ്രതിഷേധവും സംഘർഷവും ഉണ്ടായിരുന്നു. ബുധനാഴ്ച മത്സരം തുടങ്ങിയത് മുതൽ നടത്തിപ്പിലേയും ഒരുക്കങ്ങളിലെയും അപാകത കാരണം പ്രതിഷേധം അരങ്ങേറിയിരുന്നു. മണിക്കൂറുകളോളം മത്സരം നിർത്തിവയ്ക്കുകയും, വിധികർത്താക്കൾക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.