തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. കൊല്ലപ്പെട്ട കൃഷ്ണന് തനിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ആക്രമണങ്ങളെ നേരിടാനായി ഇയാള്‍ വീട്ടിലെ എല്ലാ മുറിയിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. ആയുധം പണിത കൊല്ലനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായിട്ടാണ് സൂചന.

കൃഷ്ണന്റെ അരയില്‍ എപ്പോഴും കത്തിയുണ്ടാകുമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. ഇത് മന്ത്രവാദ ആവശ്യങ്ങള്‍ക്കും സ്വയരക്ഷയ്ക്കും വേണ്ടിയാണെന്നാണ് പോലീസ് നിഗമനം. വീടിന്റെ പല ഭാഗങ്ങളില്‍ നിന്നായി പലതരം ചുറ്റികകള്‍, കഠാരകള്‍, ഇരുമ്പു വടി തുടങ്ങിയവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൃഷ്ണനെയും കുടുംബത്തെയും കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നവയാണെന്ന് തിരിച്ചറിഞ്ഞു. നാലുപേരെയും കൊലപ്പെടുത്തിയത് അടുത്തറിയാവുന്നവരെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വീട്ടിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൊലപാതകം നടത്തിയത് പ്രൊഫഷണല്‍ ഗുണ്ടകളെല്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

30 പവനിലധികം സ്വര്‍ണ്ണം കൊല നടന്ന വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പൂജ നടത്തി കിട്ടുന്ന പണം കൊണ്ട് കൃഷ്ണന്‍ ധാരാളം സ്വര്‍ണ്ണം വാങ്ങിയിരുന്നുവെന്നും വീട്ടില്‍ സ്വര്‍ണ്ണമുണ്ടെന്ന് അറിയാവുന്ന ആരെങ്കിലുമായിരിക്കും കൊലയ്ക്ക് പിന്നിലെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഒന്നിലേറെ പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. മൂന്ന് പേര്‍ ശ്രമിച്ചാല്‍ പോലും കീഴ്‌പ്പെടുത്താനാവാത്ത ശരീരമുള്ള വ്യക്തിയാണ് കൃഷ്ണന്‍.

കുടുംബത്തെ അടുത്തറിയാവുന്നവരില്‍ ആരോ വീട്ടിലെത്തി സംസാരിക്കുന്നതിനിടയില്‍ കൃഷ്ണനെ പിറകില്‍ നിന്ന് ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തിയതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് കൃഷ്ണന്റെ തല തകര്‍ന്നിരുന്നു. കുത്തേറ്റ് മകന്‍ അര്‍ജുന്റെ കുടല്‍മാല വെളിയില്‍ വന്നിരുന്നു. വീടിനു സമീപത്തെ ചാണകക്കുഴിയില്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കൊലയ്ക്ക് പിന്നില്‍ മോഷണ ശ്രമമോ അല്ലെങ്കില്‍ മന്ത്രവാദമോ പൂജയോ സംബന്ധിച്ച തര്‍ക്കമോ ആകാമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നെങ്കിലും നിലവില്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ നേരെ വിപരീതമാണ്. അതേസമയം മോഷണത്തിനിടെ തന്നെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് ബന്ധുക്കളുടെ വാദം.