മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്പാലസ് റിസോര്‍ട്ടിന് നഗരസഭ കനത്ത പിഴ ചുമത്തി. പിഴയായി 2.73 കോടി രൂപ അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ച് കളയുന്നതടക്കമുള്ള നടപടികളിലേക്ക് പോകുമെന്ന് നഗരസഭാ സെക്രട്ടറി റിസോര്‍ട്ട് അധികൃതശര അറിയിച്ചിരിക്കുന്നത്.

ലേക് പാലസ് റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ പത്ത് കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിട നമ്പര്‍ പോലുമില്ലാതെയാണ് 2012 മുതല്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് ലേക് പാലസ് റിസോര്‍ട്ട് അധികൃതര്‍ സമ്മതിച്ചിരുന്നു.

15 ദിവസത്തിനകം പൊളിച്ചുകളയുമെന്ന നഗരസഭയുടെ നോട്ടീസിന് പിന്നാലെ നിര്‍മ്മാണം ക്രമവല്‍കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്‍കി. ഇതിനെ തുടര്‍ന്നാണ് ഇത്രയും കാലത്തെ ഇരട്ടി നികുതിയായ 2.73 കോടി രൂപ നഗരസഭ പിഴയായി ചുമത്തിയത്. നടപടിക്ക് ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.