തോമസ്‌കുക്ക് ഡോട്ട് കോം എന്ന വെബ്സൈറ്റിലേക്ക് ഇപ്പോൾ പ്രവേശിച്ചാൽ ഇങ്ങനെയൊരു വാചകം കാണാം: “തോമസ് കുക്ക് യുകെയും അനുബന്ധ സ്ഥാപനങ്ങളും നിർബന്ധിത കടംവീട്ടൽ പ്രക്രിയയിലേക്ക് കടന്നിരിക്കുന്നു. ഔദ്യോഗിക റിസീവറുടെ നിയന്ത്രണത്തിലാണ് ഈ സ്ഥാപനം ഇപ്പോഴുള്ളത്. യുകെയിലെ ഈ സ്ഥാപനത്തിന്റെ ബിസിനസ്സ് അടിയന്തിരമായി അവസാനിപ്പിച്ചിരിക്കുന്നു. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഫ്ലൈറ്റുകളെല്ലാം റദ്ദാക്കപ്പെട്ടിരിക്കുന്നു. ഉപഭോക്താക്കളെ സഹായിക്കാനായി സിവിൽ ഏവിയേഷൻ അധികൃതർ സംവിധാനമൊരുക്കിയിട്ടുണ്ട്.” ഈ വാചകങ്ങൾക്കു പിന്നാലെ https://thomascook.caa.co.uk/ എന്നൊരു വെബ്സൈറ്റ് ലിങ്കും കൊടുത്തിരിക്കുന്നു. ഈ വെബ്സൈറ്റിൽ കാര്യങ്ങൾ കുറെക്കൂടി വ്യക്തമാകി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ, തോമസ് കുക്കിൽ വിമാനയാത്ര ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഇനി എന്തു ചെയ്യാമെന്നതു സംബന്ധിച്ച വിവരവും പ്രസ്തുത വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

എന്താണ് യാത്രാ പ്രതിസന്ധിയെ നേരിടാൻ അധികാരികൾ ചെയ്യുന്നത്?

സർക്കാരും സിവിൽ ഏവിയേഷൻ അധികാരികളും വളരെപ്പെട്ടെന്നു തന്നെ കുടുങ്ങിപ്പോയ തോമസ് കുക്ക് ഉപഭോക്താക്കളെ സഹായിക്കാൻ രംഗത്തിറങ്ങുകയുണ്ടായി. സെപ്തംബർ 23നും ഒക്ടോബർ 6നുമിടയിൽ തിരിച്ചുവരാനുള്ള എല്ലാവരെയും തങ്ങൾ തിരിച്ചെത്തിക്കുമെന്ന് വെബ്സൈറ്റ് പറയുന്നു. സിവിൽ ഏവിയേഷൻ അധികൃതരുടെ വിമാനമോ, മറ്റേതെങ്കിലും എയർലൈന്‍സ് വിമാനങ്ങളോ ഉപയോഗിച്ചായിരിക്കും ഇവരെ തിരികെയെത്തിക്കുക. വിദേശത്ത് പെട്ടുപോയവർക്ക് ഈ വെബ്സൈറ്റ് മുഖാന്തിരം തിരിച്ചുവരാനുള്ള നടപടികളിലേക്ക് നീങ്ങാമെന്നും പറയുന്നു. തിരിച്ചുവരവിനുള്ള വിമാനങ്ങൾ രണ്ടാഴ്ച മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

ഇതിനു ശേഷമാണ് തിരിച്ചുവരാനുദ്ദേശിക്കുന്നതെങ്കിൽ എല്ലാം സ്വന്തം ചെലവിൽ നടത്തേണ്ടതായി വരും. ചില തോമസ് കുക്ക് ഹോളിഡേ പാക്കേജുകളിൽ മറ്റ് വിമാനക്കമ്പനികളുമായി ചേർന്നുള്ള പദ്ധതികളുണ്ട്. ഇവയെ കമ്പനിയുടെ തകർച്ച ബാധിക്കണമെന്നില്ലെന്ന് അധികാരികൾ പറയുന്നു. എന്നാൽ, പാക്കേജിലെ ഹോട്ടൽ താമസമടക്കമുള്ള കാര്യങ്ങളെ ബാധിച്ചേക്കും. ATOL-protected (യുകെ ട്രാവൽ കമ്പനിയുടെ ഹോളിഡേ പാക്കേജ് ഉപയോഗിക്കുന്നവർക്ക് കമ്പനി തകരുകയാണെങ്കിൽ സംരക്ഷണം നൽകുന്ന പദ്ധതിയാണിത്. Air Travel Organisers’ Licensing scheme എന്നാണ് ATOL എന്നതിന്റെ പൂർണരൂപം) ആയ ഉപയോക്താക്കൾക്ക് അതിന്റെ സംരക്ഷണം കിട്ടുമെന്നും അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് ‘രക്ഷാപ്രവർത്തന’ത്തിന്റെ വ്യാപ്തി?

‘രക്ഷാപ്രവർത്തനം’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാണ്. നിലവിൽ തോമസ് കുക്കിലൂടെ വിദേശങ്ങളിലുള്ളത് 6 ലക്ഷം പേരാണ്. ഇക്കാരണത്താൽ തന്നെ ഇവരെ തിരിച്ചു കൊണ്ടുവരികയെന്നത് വലിയൊരു ദൗത്യമാണ്. സർക്കാരും ഇൻഷൂറൻസ് കമ്പനികളും രാവുംപകലുമെല്ലാതെയാണ് ഇതിനു വേണ്ടി പണിയെടുക്കുന്നത്. പലരുടെയും ടൂർ പാക്കേജുകളുടെ പ്രത്യേകത മൂലം ഹോട്ടൽ മുറികൾ പോലും നിഷേധിക്കപ്പെട്ടിരിക്കാം. ഇക്കൂട്ടത്തിൽ ഒന്നര ലക്ഷത്തോളമാളുകൾ യുകെ പൗരന്മാരാണ്.

എന്താണ് ഈ വൻ തകർച്ചയുടെ അനന്തരഫലങ്ങൾ?

വലിയ വേരുപടലങ്ങളുള്ള ഈ കോർപ്പറേറ്റ് കമ്പനിയുടെ തകർച്ച ഇതിനകം തന്നെ അടിയന്തിര സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനാളുകളാണ് കുടുങ്ങിപ്പോയിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ തോമസ് കുക്കിന്റെ തകർച്ച ടൂറിസം മേഖലയിൽ വലിയ ക്ഷീണമുണ്ടാക്കും. സ്പെയിൻ, തുർക്കി തുടങ്ങിയ ഇടങ്ങളിലാണ് തോമസ് കുക്കിന്റെ പ്രധാന ബിസിനസ്സുകള്‍. ഇവിടങ്ങളിലെല്ലാം അനുബന്ധ വ്യാപാരങ്ങൾക്ക് സാരമായ തിരിച്ചടിയുണ്ടാകും.

എന്താണ് തോമസ് കുക്കിനെ തകര്‍ച്ചയിലേക്ക് നയിച്ചത്?

സാമ്പത്തികപ്രശ്നങ്ങൾക്കൊപ്പം കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധികൾ സൃഷ്ടിച്ച പ്രശ്നങ്ങളും ഒരു കാരണമാണ്. ഇതോടൊപ്പം മേഖലയിൽ വർധിച്ചു വന്ന മത്സരവും തോമസ് കസുക്കിനെ പ്രതിസന്ധിയിലാണ്. വളരെ ചെലവ് കുറഞ്ഞ പാക്കേജുകളുമായി നിരവധി സ്ഥാപനങ്ങൾ രംഗത്തു വന്നു. ഓൺലൈൻ ട്രാവൽ ഏജന്റുമാർ വളരെ കുറഞ്ഞ നിരക്കിൽ ടൂർ പാക്കേജുകൾ നൽകാൻ തുടങ്ങി. ഇതോടെ തോമസ് കുക്കിന്റെ പരമ്പരാഗത വ്യാപരത്തിന് തിരിച്ചടി കിട്ടാൻ തുടങ്ങി. തോമസ് കുക്കിന് സ്വന്തമായുള്ള ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം താരതമ്യേന കുറവാണ്. ഇതോടെ ഉപയോക്താക്കൾ നേരിട്ട് ഓൺലൈനായി ഹോട്ടലുകളും മറ്റും ബുക്ക് ചെയ്തു തുടങ്ങി.

കഴിഞ്ഞ വര്‍ഷം യൂറോപ്പിലുണ്ടായ ഉഷ്ണതരംഗം തോമസ് കുക്കിന്റെ പാക്കേജുകളെ വല്ലാതെ ബാധിക്കുകയുണ്ടായി. അവസാനനിമിഷത്തിലാണ് പലരും തങ്ങളുടെ ബുക്കിങ്ങുകൾ റദ്ദാക്കിയത്.

തോമസ് കുക്കിന് അതിന്റെ ഭൂതകാല ബിസിനസ് മാതൃകയിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചിരുന്നില്ലെന്ന വിമർ‌ശനവും നിലവിലുണ്ട്. ഡിജിറ്റൽ ലോകത്ത് അനലോഗ് ബിസിനസ് മാതൃക കൊണ്ടുനടക്കുന്ന കമ്പനി എന്ന വിമർശനമാണ് തോമസ് കുക്കിനെതിരെ പലരും ഉയർത്തിയിരുന്നത്. എങ്കിലും തോമസ് കുക്ക് പിടിച്ചു നില്‍ക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ട്രാവൽ ഏജൻസിയെന്ന ഖ്യാതിയിലൂടെ തന്നെ കുറെയെല്ലാം ഉപയോക്താക്കളെ നേടാൻ അവർക്ക് കഴിഞ്ഞിരുന്നു.

കഴിഞ്ഞ വേനലിൽ തോമസ് കുക്കിന്റെ ഷെയറുകൾ 150 പൗണ്ടിനു താഴെയാണ് വിറ്റുകൊണ്ടിരുന്നത്. ഇടിഞ്ഞുകൊണ്ടിരിക്കുന്ന തോമസ് കുക്കിന്റെ ഷെയറുകളെ ‘വിലകെട്ടത്’ എന്നാണ് മാർക്കറ്റ് വിശകലന സ്ഥാപനമായ സിറ്റിഗ്രൂപ്പ് ബാങ്ക് വിശേഷിപ്പിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 1.5 ബില്യൺ പൗണ്ടിന്റെ നഷ്ടത്തിലാണ് കമ്പനിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

ബ്രെക്സിറ്റിന് ഈ തകർച്ചയിലുള്ള പങ്കെന്ത്?

അങ്ങനെയൊരാരോപണമുണ്ട്. തോമസ് കുക്ക് തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്. കമ്പനി നഷ്ടത്തിലായതിനു കാരണം ആളുകൾ തങ്ങളുടെ യാത്രകൾ നീട്ടി വെക്കുന്നതാണെന്നും ഈ നീട്ടിവെക്കലിനു കാരണം ബ്രെക്സിറ്റുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പ്രതിസന്ധിയാണെന്നുമാണ് കമ്പനി ആരോപിച്ചത്.

കെണിയിൽ നിന്നൂരാൻ തോമസ് കുക്ക് എന്തെല്ലാം ചെയ്തു?

ഫെബ്രുവരി മാസത്തിൽ തോമസ് കുക്ക് തങ്ങളുടെ വിമാനക്കമ്പനിയെ വിൽപ്പനയ്ക്ക് വെക്കുകയുണ്ടായി. കടക്കെണിയാണ് കാരണം. ഭാഗികമായോ മുഴുവനായോ വാങ്ങാൻ താൽപര്യമുള്ളവരെ തോമസ് കുക്ക് ക്ഷണിച്ചു. ഈ സമയത്ത് തോമസ് കുക്കിന്റെ ഹോട്ടൽ ബിസിനസ്സ് എയർലൈൻ ബിസിനസ്സിനെക്കാൾ നന്നായി ഓടുന്നുണ്ടായിരുന്നു. തങ്ങളുടെ ഹോട്ടൽ ശൃംഖല വ്യാപിപ്പിക്കാനുള്ള പദ്ധതിക്കും ഈ വിൽപ്പന സഹായിക്കുമെന്ന് അവർ കണക്കുകൂട്ടി. 103 വിമാനങ്ങളാണ് കമ്പനിക്കുള്ളത്.

തോമസ് കുക്ക് എയർലൈന്‍സ്

രണ്ട് ലോകയുദ്ധങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചു വന്ന സ്ഥാപനമാണ് തോമസ് കുക്ക് എയർലൈൻസ്. 16 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ സാമ്രാജ്യമാണ് തോമസ് കുക്കിന്റേത്. ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ഉൾപ്പെടുന്ന വലിയ വ്യാപാരശൃംഖല. 1841ൽ തോമസ് കുക്ക് എന്നയാളാണ് തോമസ് കുക്ക് ആൻഡ് സൺ എന്ന പേരിൽ കമ്പനി തുടങ്ങുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യകാല ബിസിനസ്.