ലണ്ടന്‍: യുകെയില്‍ ആയിരക്കണക്കിന് പേര്‍ നിര്‍ബന്ധിത വിവാഹത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്. ആധുനിക അടിമപ്പണിയിലേക്കാണ് ഇത്തരം വിവാഹങ്ങള്‍ മൂലം ആളുകള്‍ എത്തിച്ചേരുന്നതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഗാര്‍ഡിയനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് 3,500 നിര്‍ബന്ധിത വിവാഹങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് യുകെയില്‍ ലഭിച്ചിട്ടിള്ളുത്. പോലീസില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി പരാതികള്‍ ഉണ്ടാവുമെന്നും വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇറാനിയന്‍ ആന്റ് കുര്‍ദിഷ് വിമണ്‍ റൈറ്റ്‌സ് സ്ഥാപനം വിവരാവകാശ നിയമത്തിലൂടെ കരസ്ഥമാക്കിയ രേഖകളിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സമീപകാലത്ത് യുകെയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളില്‍ നിര്‍ബന്ധിത വിവാഹവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പരാതികളാണ് ലഭിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളുടെ ആകുലതകളാണ്.

2014, 2016 കാലഘട്ടത്തില്‍ നിര്‍ബന്ധിത വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന 3,546 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക രേഖകളില്‍ ഇല്ലാത്ത നിരവധി കേസുകള്‍ നടക്കുന്നതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന രേഖകള്‍ മഞ്ഞുമലയുടെ മുകള്‍ഭാഗം മാത്രമാണെന്നും ഇതിനും ഇരട്ടി കേസുകള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാനുണ്ടെന്നും സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നു. കര്‍മ നിര്‍വാണ എന്ന എന്‍ജിഒയ്ക്ക് 2017ല്‍ മാത്രം നിര്‍ബന്ധിത വിവാഹവുമായി ബന്ധപ്പെട്ട് ലഭിച്ചത് 8,870 കോളുകളാണ്. വിളിച്ചിരിക്കുന്നവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണ്. 10 മുതല്‍ 15 വയസുവരെ പ്രായമുള്ളവരാണ് സഹായത്തിനായി എന്‍ജിഒകളെ വിളിച്ചിരിക്കുന്നത്. മറ്റൊരു എന്‍ജിഒയ്ക്ക് 3 വര്‍ഷത്തിനിടയില്‍ ലഭിച്ചത് 22,030 കോളുകളാണ്.

നിര്‍ബന്ധിത വിവാഹം ബ്രിട്ടനില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. പ്രായപൂര്‍ത്തിയാവാത്ത മകളെ പാകിസ്ഥാനിലേക്ക് കടത്തി ബന്ധുവിന് വിവാഹം ചെയ്തുകൊടുക്കാന്‍ ശ്രമിച്ച അമ്മയെ കോടതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഇവ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. നിര്‍ബന്ധിത വിവാഹത്തിന് ഇരയാകുന്നവരില്‍ ഭൂരിഭാഗം പേരും ഗാര്‍ഹിക പീഡനത്തിനും ഇരയാകേണ്ടി വരുന്നതായി കര്‍മ നിര്‍വാണ വ്യക്തമാക്കുന്നു. വീടുകള്‍ ലൈംഗികമായും അല്ലാതെയും ഇത്തരം വിവാഹത്തിന്റെ ഇരകള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും കര്‍മ നിര്‍വാണയുടെ വക്താവ് അറിയിച്ചു.