ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കോട്ടയം : കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ലോക്ക്ഡൗണിലൂടെയാണ് കടന്നുപോകുന്നത്. ആളുകൾ ആരും പുറത്തിറങ്ങരുതെന്ന കർശന നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ലോക്ക്ഡൗൺ ലംഘനം നടന്നുവരുന്നു. കോട്ടയം ജില്ലയിലെ പായിപ്പാട്ടിലാണ് ഇതരസംസ്ഥാനതൊഴിലാളികൾ നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത്. ഇത് വളരെ വലിയ പ്രശ്നത്തിലേക്കാണ് നീങ്ങുന്നത്. തങ്ങൾക്ക് നാട്ടിലേക്ക് പോകണമെന്ന ശക്തമായ ആവശ്യമാണ് അവർ ഉന്നയിക്കുന്നത്. അതിനായി ബംഗാളിലേക്ക് കേരളസർക്കാർ വാഹനം ക്രമീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

തെരുവിലിറങ്ങിയ തൊഴിലാളികളെ നിയന്ത്രിക്കാനുള്ള തീവ്രശ്രമത്തിലാണ് പോലീസ് സേന. റോഡിലിറങ്ങി കൂട്ടത്തോടെ പ്രതിഷേധിക്കുന്നത് ഈ സാഹചര്യത്തിൽ പല പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് പല പ്രമുഖരും പറയുന്നു. പായിപ്പാട്ടിൽ മാത്രം പതിനായിരത്തിൽ അധികം ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ എണ്ണായിരത്തിൽ അധികം ആളുകൾ യാത്രാനിരോധനം ഏർപ്പെടുത്തുന്നതിനുമുമ്പേ തിരികെപോയിരുന്നു. ബാക്കിയുള്ള 2500ഓളം ആളുകളാണ് കൂട്ടത്തോടെ പ്രതിഷേധം നടത്തുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി നഷ്‌ടമായ സാഹചര്യത്തിലാണ് അവർ ഏവരും. ഈയൊരു അവസ്ഥയിൽ ഭക്ഷണവും താമസവും അടക്കമുള്ള സംരക്ഷണം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. ഭക്ഷണവും താമസവും ഉറപ്പാക്കാമെന്നും ബാക്കിയുള്ള ആവശ്യങ്ങൾക്ക് സമയം ആവശ്യമാണെന്നും കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞദിവസം തഹസിൽദാരുടെ നേതൃത്വത്തിൽ ഭക്ഷണം താമസസ്ഥലത്തു തന്നെ ക്യാമ്പ് നടത്തുന്നവർ നൽകണമെന്ന ധാരണയിലെത്തിയിരുന്നു എന്ന് പഞ്ചായത്ത് മെമ്പർ രാജു കോട്ടപുരയ്‌ക്കൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.