കശ്‍മീരിൽ പതിനായിരത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നതായി റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍; പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായി ദ വയര്‍, വാർത്ത തള്ളി ആഭ്യന്തര മന്ത്രാലയം

കശ്‍മീരിൽ പതിനായിരത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നതായി റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍; പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായി ദ വയര്‍,  വാർത്ത തള്ളി ആഭ്യന്തര മന്ത്രാലയം
August 11 05:37 2019 Print This Article

പ്രത്യേക സ്വയംഭരണാവകാശം റദ്ദാക്കിയതിന് എതിരെ ജമ്മു കാശ്മീരില്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നതായി റോയിട്ടേഴ്‌സ്, അല്‍ ജസീറ, ദ വയര്‍ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയോ സംസ്ഥാനപദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് എതിരെയോ യാതോരു തരത്തിലുള്ള പ്രതിഷേധവും കാശ്മീര്‍ താഴ്‌വരയില്‍ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. കാശ്മീര്‍ പ്രതിഷേധത്തെക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കി.

ശ്രീനഗറില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നതായി റോയിട്ടേഴ്‌സും പാകിസ്താന്‍ പത്രം ഡോണും മറ്റും റിപ്പോര്‍ട്ട് ചെയ്തത് വാസ്തവവിരുദ്ധമാണ് എന്നാണ് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബിബിസി സോറയിലെ വന്‍ പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. തോക്കിന്റെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ബിബിസി സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് നിക്കോള കാരീം ആണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സുരക്ഷാസേന പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായും ഇതില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും ഇന്നലെ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രീനഗറിലെ ശേര്‍ ഇ കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് ഒരു സാക്ഷി റോയിട്ടേഴ്‌സിനോട് പറഞ്ഞത് ചില സ്ത്രീകളും കുട്ടികളും വെള്ളത്തിലേയ്ക്ക് ചാടി എന്നാണ്. പൊലീസ് ഇരു ഭാഗത്ത് നിന്നും പ്രതിഷേധക്കാരെ നേരിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഈദിന് മുന്നോടിയായി ഇന്നലെയാണ് ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തിയത്. അതേസമയം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണ് എന്ന് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.

ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ശ്രീനഗറിലെ മഹാരാജ ഹരി സിംഗ് ആശുപത്രിയിലെത്തി പരിക്കേറ്റ കാശ്മീരി യുവാക്കളുമായി സംസാരിച്ചിരുന്നു. തങ്ങള്‍ പെല്ലറ്റ് തോക്ക് ആക്രമണത്തിന് ഇരകളായതായി ആശുപത്രിയിലെ കാശ്മീരി യുവാക്കളും ഇവരുടെ കുടുംബാംഗങ്ങളും വയറിനോട് പറഞ്ഞു.

50,000ത്തിനടുത്ത് സുരക്ഷാസേനകളെയാണ് കാശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370, 35 എ റദ്ദാക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ കക്ഷി നേതാക്കളെ കരുതല്‍ തടങ്കലിലാക്കുകയും ടൂറിസ്റ്റുകളേയും അമര്‍നാഥ് തീര്‍ത്ഥാടകരേയും തിരിച്ചയയ്ക്കുകയും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയുകയും ചെയ്തിരുന്നു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles