കാഞ്ഞങ്ങാട് : ചീമേനിയിലെ ജാനകി ടീച്ചറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി പുറത്ത്. അന്ന് താന്‍ കാമുകിയുടെ വീട്ടിലായിരുന്നുവെന്നാണ് അരുണ്‍ വ്യക്തമാക്കിയത്. നാട്ടുകാരില്‍ പലരെയും പോലീസ് ചോദ്യംചെയ്യുന്ന കൂട്ടത്തില്‍ പ്രതികള്‍ മൂന്നുപേരുമുണ്ടായിരുന്നു. കൊല നടന്ന ഡിസംബര്‍ 13-ന് രാത്രി എവിടെയായിരുന്നെന്ന് ചോദിച്ചപ്പോഴാണ് അരുണ്‍ ഇങ്ങനെ പറഞ്ഞത്. സംശയം തോന്നിയവരുടെ പട്ടിക പോലീസ് ആദ്യം തയ്യാറാക്കിയിരുന്നു. ഒന്‍പതുപേരാണ് അതിലുണ്ടായിരുന്നത്. പ്രതികളായ അരുണും വിശാഖും റെനീഷും ഈ പട്ടികയിലുണ്ടായിരുന്നു.

താന്‍ വീട്ടില്‍തന്നെ ഉണ്ടായിരുന്നെന്നാണ് വിശാഖ് നല്‍കിയ മൊഴി. ഉത്സവം കഴിഞ്ഞ് പാതിരാത്രിയോടെ താന്‍ വീട്ടിലെത്തിയെന്ന് റെനീഷും പറഞ്ഞു. ആദ്യാവസാനം പ്രതികളെ തിരയാനും മറ്റും പോലീസിനും നാട്ടുകാര്‍ക്കുമൊപ്പം നിന്നതിനാല്‍ ഇവരെ കുറിച്ച് അധിക സംശയമൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുണ്ടായില്ല. സംഭവം നടക്കുന്ന സമയത്ത് പ്രതികളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നില്ല. അതേസമയം ഫോണ്‍കോളുകള്‍ വന്നിട്ടുമില്ല. കൊല നടന്നതിന്റെ പിറ്റേനാള്‍ നാട്ടുകാരുടെ തിരച്ചിലിനൊപ്പം ഉണ്ടായിരുന്നില്ല എന്നതിനാല്‍ വിശാഖിനെയാണ് ആദ്യം സംശയിച്ചത്.

വിശാഖിന്റെ സുഹൃത്തുക്കളാണ് അരുണും റനീഷും എന്നതിനാലും ഇവരെയും സംശയിച്ചു. വിരലടയാളമെടുക്കാന്‍ വരാതിരുന്നതിനാല്‍ പോലീസിന്റെ സംശയം ഇരട്ടിച്ചു. സിനിമയ്ക്ക് പോയതിനാലാണ് വിരലടയാള ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു അരുണിന്റെ മൊഴി. ക്യാമ്പില്‍ വരാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് റെനീഷും വിശാഖും പോലീസിനെ തക്കതായ കാരണങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇവര്‍ പറഞ്ഞ മറുപടിക്ക് പിന്നാലെ അന്വേഷണമുണ്ടായില്ല. എങ്കിലും പോലീസിന്റെ സംശയം മാറിയില്ല. അങ്ങനെയാണ് ഒന്‍പതംഗപട്ടികയില്‍ ഈ മൂന്നുപേരെയും ഉള്‍പ്പെടുത്തിയത്.

കളത്തേരവീട്ടില്‍ പ്രതികളെത്തിയത് രാത്രി 9.30-നാണ് വാതില്‍ തുറന്നയുടന്‍ കൃഷ്ണന്‍മാഷെ ചവിട്ടി നിലത്തിട്ടു. ജാനകി ടീച്ചറെ വലിച്ചിഴച്ചു. പവിത്രമോതിരവും പണവും താഴത്തെ മേശവലിപ്പില്‍ നിന്ന് കിട്ടി. മുകളിലത്തെ മുറിയിലെ ഷെല്‍ഫിലായിരുന്നു സ്വര്‍ണം. ഷെല്‍ഫിന്റെ അടിഭാഗത്തെ ലോക്കറിലാണ് അവ സൂക്ഷിച്ചിരുന്നത്. കത്തികൊണ്ട് ഇളക്കി ലോക്കര്‍ പൊട്ടിക്കുകയായിരുന്നു. കൃത്യം നിര്‍വഹിച്ചശേഷം പുഴയ്ക്കരികിലേക്ക് പോയി. ഇവിടെ കുറേ സമയം ഇരുന്നു. ഇവര്‍ പോയ വഴിയിലൂടെ പിന്നീട് പോലീസ് നായ മണം പിടിച്ച് പോയിരുന്നു. കത്തി വലിച്ചെറിഞ്ഞ് കാലുംമുഖവും കഴുകിയശേഷം മാസ്‌ക് ഒരിടത്തും സ്വര്‍ണവും പണവും മറ്റൊരിടത്തും ഒളിപ്പിച്ചു. അതിനുശേഷമാണ് മൂന്നുപേരും വീടുകളിലേക്ക് പോയത്.