ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : ബ്ലെൻഹൈം കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തെയിംസ് വാലി പോലീസ് അറസ്റ്റു ചെയ്തു . പോലീസ് നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ 34, 35 വയസ്സുള്ള രണ്ട് പുരുഷന്മാരെയും 36 വയസ്സുള്ള ഒരു സ്ത്രീയേയും ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ ഓക്സ്ഫോർഡ് സ്വദേശികളാണ്.

സെപ്റ്റംബർ 14 ന് ഓക്സ്ഫോർഡ്ഷയറിലെ വുഡ്സ്റ്റോക്കിൽ ഉള്ള വിൻസെന്റ് ചർച്ചിലിന്റെ ജന്മ സ്ഥലത്താണ് സംഭവം നടന്നത് . 4.8 മില്യൻ യൂറോ വിലമതിക്കുന്ന യൂറോപ്യൻ മാതൃകയിലുള്ള ക്ലോസെറ്റ് ആർട്ട്‌ ഇൻസ്റ്റാളേഷൻ ആണ് ഒറ്റരാത്രികൊണ്ട് മോഷണം പോയത് . രാത്രിയിൽ നടത്തിയ റെയ്ഡിലാണ് 4.8 മില്യൺ ഡോളർ വിലമതിക്കുന്ന ആർട്ട് ഇൻസ്റ്റാളേഷൻ കവർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത് . അറസ്റ്റിലായ മൂന്നുപേരും പോലീസ് കസ്റ്റഡിയിൽ ആണെന്ന് ഉദ്യോഗസ്ഥവൃന്ദം അറിയിച്ചു.

അമേരിക്ക എന്ന് പേരിട്ട തടികൊണ്ട് നിർമ്മിച്ച ഒരു മുറിയിൽ വെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി വിരുന്നുകാർക്ക് ഉപയോഗിക്കാൻ പാകത്തിലാണ് ടോയ്‌ലറ്റ് സൂക്ഷിച്ചിരുന്നത്. മോഷണം നടത്തിയെന്ന് സംശയിച്ച് ഈവ്ഷാമിൽ നിന്നുള്ള 66 കാരനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. കവർച്ച നടത്താൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് ചെൽട്ടൻഹാമിൽ നിന്നുള്ള 35 കാരനെയും അറസ്റ്റ് ചെയ്തിരുന്നു.