ദിവസം മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്

ദിവസം മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്
November 23 05:04 2017 Print This Article

ലണ്ടന്‍: പുകവലി, മദ്യുപാനം മുതലായ ദുശീലങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കാവുന്ന ഒന്നായി മനുഷ്യരിലെ ചായയും കാപ്പിയും കുടിക്കുന്ന ശീലത്തെയും കാണുന്നവരുണ്ട്. ഇവ ദുശീലമാണെന്ന് വാദിക്കുന്ന പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് ദോഷരഹിതമാണെന്ന് പുതിയ പഠനം പറയുന്നു. മാത്രമല്ല ഈ ശീലത്തിന് ആരോഗ്യപരമായി നല്ല ഫലങ്ങളും ഉണ്ടത്രേ. അകാല മരണം, ഹൃദയ രോഗങ്ങള്‍, തുടങ്ങിയവയ്ക്കുള്ള സാധ്യതകള്‍ ഈ ശീലം കുറയ്ക്കുമെന്നും പഠനം പറയുന്നു.

മുമ്പ് നടന്ന 200ഓളം പഠനങ്ങളുടെ ഫലങ്ങള്‍ ചേര്‍ത്തുവെച്ചുള്ള വിശകലനമാണ് ഇത്. പ്രമേഹം, കരള്‍ രോഗങ്ങള്‍, ഡിമെന്‍ഷ്യ, ചില ക്യാന്‍സറുകള്‍ എന്നിവയെ ചെറുക്കാനുള്ള ശേഷിയും കാപ്പി മനുഷ്യന് നല്‍കുന്നുണ്ട്. ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നവര്‍ക്കാണ് ഈ പ്രയോജനങ്ങള്‍ ലഭിക്കുക. എന്നാല്‍ ഗര്‍ഭിണികള്‍ക്കും അസ്ഥികള്‍ വേഗം ഒടിയാന്‍ സാധ്യതയുള്ളവര്‍ക്കും കാപ്പികുടി നിര്‍ദേശിക്കപ്പെടുന്നില്ല.

സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് റോബിന്‍ പൂള്‍ ആണ് 201 ഗവേഷണ ഫലങ്ങള്‍ താരതമ്യം ചെയ്ത് നടത്തിയ പഠനത്തിന് നേതൃത്വം നല്‍കിയത്. വിവിധ രാജ്യങ്ങളിലായി നടന്ന ഗവേഷണങ്ങളുടെ ഫലങ്ങളില്‍ 17 എണ്ണത്തില്‍ ക്ലിനിക്കല്‍ ട്രയലുകളും നടന്നിരുന്നു. പുതിയ ഗവേഷണ ഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles