പുതുവൈപ്പിനിൽ മൂന്നംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ. പുതുവൈപ്പ് പബ്ലിക് ലൈബ്രറിക്കു സമീപത്തെ താമസക്കാരനായ ലോഡിങ് തൊഴിലാളി സുഭാഷും ഭാര്യയും മകളുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സുഭാഷിന്റെ ഭാര്യയുടെ കൈ കെട്ടിയ നിലയിൽ കാണപ്പെട്ടതിനാൽ മറ്റ് സാധ്യതകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്ന് രാവിലെ പത്തു മണിയോടെയാണ് സുഭാഷിനെയും ഭാര്യ ഗീതയെയും മകൾ നയനയെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഭാഷിന് അമ്പത്തിനാലും, ഗീതയ്ക്ക് അമ്പത്തിരണ്ടും നയനയ്ക്ക് ഇരുപത്തി മൂന്നും വയസാണ് പ്രായം . ഒരു മുറിയിൽ തന്നെയാണ് കഴുക്കോലിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും മകളുടെ പ്രണയബന്ധത്തെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നും സൂചിപ്പിച്ച് സുഭാഷ് എഴുതിയ ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കിട്ടി.

ബാംഗ്ലൂരിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട യുവാവുമായി നയനയ്ക്കുണ്ടായ പ്രണയബന്ധം മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നില്ലെന്നും ഇതേ ചൊല്ലിയുള്ള പ്രശ്നങ്ങളാവാം കൂട്ടമരണത്തിന് കാരണമെന്നും സൂചിപ്പിക്കുന്ന മൊഴികളും അയൽക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ട്. ആത്മഹത്യ തന്നെയെന്ന് പ്രാഥമികമായി പൊലീസ് വിലയിരുത്തുന്നു. എന്നാൽ മരിച്ച ഗീതയുടെ കൈകൾ കാവി നിറത്തിലുള്ള മുണ്ടു കൊണ്ട് കെട്ടിയിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയമുണർത്തിയിട്ടുണ്ട്.’ ഗീതയുടെ കൈകൾ കെട്ടിയ ശേഷം സുഭാഷ് കെട്ടിത്തൂക്കിയതാകാമെന്ന സംശയമാണ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. പോസ്റ്റു മോർട്ടത്തിനു ശേഷമേ ഇക്കാര്യം വ്യക്തമാകൂ.