ബെർക്‌ഷെയറിലെ സൾഹാംസ്റ്റെഡിൽ നടന്ന മോഷണം അന്വേഷിക്കുന്നതിനിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ആൻഡ്രൂ ഹാർപ്പറിനെ കൊലപ്പെടുത്തിയ കേസിൽ ഹെൻ‌റി ലോംഗ് (18), 17 വയസുള്ള രണ്ട് ആൺകുട്ടികൾ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരായ നാല് പേരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കൗമാര കുറ്റവാളികളുടെ മേൽ കൊലപാതകം, ക്വാഡ് ബൈക്ക് മോഷ്ടിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്താൻ തേംസ് വാലി പോലീസിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. 21 കാരനായ തോമസ് കിംഗിന് മേൽ ഗൂഢാലോചനാകുറ്റം ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്.

പുതിയ തെളിവുകൾ പുറത്ത് വന്നതിനെത്തുടർന്നാണ് ഈ അറസ്റ്റുകളെന്ന് തേംസ് വാലി പോലീസ് അറിയിച്ചു. കൺട്രി ക്രോസ് റോഡിൽ വെച്ച് ഓഗസ്റ്റ് 15നാണ് 28കാരനായ ഹാർപ്പർ കൊല്ലപ്പെട്ടത്. വിവാഹത്തിന് നാല് ആഴ്ചകൾക്ക് ശേഷം കൊല്ലപ്പെട്ട ഈ യുവ പോലീസ് ഉദ്യോഗസ്ഥന്റെ മരണം കുടുംബത്തിന് കനത്ത ആഘാതമായിരുന്നു.