തൃശൂര്‍ മുണ്ടൂരില്‍ ബൈക്കില്‍ പോയ രണ്ടു യുവാക്കളെ പിക്കപ്പ് വാന്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. കഞ്ചാവ് വില്‍പന എക്സൈസിന് ഒറ്റിക്കൊടുത്തതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു.

തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ ശ്യാമും വരടിയം സ്വദേശി ക്രിസ്റ്റിയും ബൈക്കില്‍ പോകുമ്പോള്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പിക്കപ്പ് വാനില്‍ എത്തിയ എതിരാളികള്‍ ഇവരുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി. പിന്നാലെ, വെട്ടിപരുക്കേല്‍പിച്ചു. ഇവരെ, സുഹൃത്തുക്കള്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടവരുടെ മറ്റൊരു സുഹൃത്ത് ശംഭു എന്ന പ്രസാദിനെയും വണ്ടിയിടിപ്പിച്ച് ഗുരുതരമായി പരുക്കേല്‍പിച്ചിട്ടുണ്ട്.

ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തിന് ഉപയോഗിച്ച പിക്കപ്പ് വാന്‍ കണ്ടെത്തിയിട്ടില്ല. വെട്ടിക്കൊന്ന സ്ഥലത്തു നിന്ന് വടിവാള്‍ കണ്ടെടുത്തു. ശംഭു, സിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍സംഘങ്ങള്‍ തമ്മില്‍ പരസ്പരം കുടിപ്പകയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സിജോയിയുടെ അനുനായിയെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. കഞ്ചാവ് വില്‍പന ഒറ്റിക്കൊടുത്തത് ശംഭുവിന്‍റെ സംഘമാണെന്ന് സിജോയിയും തിരിച്ചറിഞ്ഞു. ക്രിമിനല്‍സംഘങ്ങളുടെ തേര്‍വാഴ്ച നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ത്തിട്ടുണ്ട്.

സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി അന്വേഷണം തുടങ്ങി. കൊലയാളി സംഘത്തെ പിടികൂടാന്‍ സിറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. കൊലയാളി സംഘം കേരളം വിട്ടെന്നാണ് സൂചന. തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.