കൊച്ചി: നടന്‍ ദിലീപിന്റെ വീട്ടില്‍ സ്വകാര്യ സുരക്ഷാ ഏന്‍സിയായ തണ്ടര്‍ഫോഴ്‌സ് എത്തിയത് സ്വന്തം താല്‍പര്യപ്രകാരമെന്ന് സൂചന. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപിന് ബോധ്യമുണ്ടെങ്കിലും സുരക്ഷ ഒരുക്കാന്‍ ഒരു ഏജന്‍സിയേയും ദിലീപ് നിയോഗിച്ചിട്ടുമില്ല. എന്നാല്‍ തണ്ടര്‍ഫോഴ്‌സ് ദിലീപിനെ തേടിയെത്തിയത് അവരുടെ സ്വന്തം താല്‍പര്യപ്രകാരമാണ്. ദിലീപിനെ പോലെ പ്രശസ്തനായ ഒരാളുടെ സുരക്ഷ ഏറ്റെടുക്കുന്നത് വഴി ഏജന്‍സിക്ക് കേരളത്തില്‍ ലഭിക്കുന്ന പ്രശസ്തിയും അതുവഴിയുള്ള ബിസിനസ് വളര്‍ച്ചയുമാണ്അ വര്‍ ലക്ഷ്യമിട്ടതെന്ന് ചുരുക്കം.

തൃശൂര്‍ പാലിയേക്കര ടോളില്‍ സ്ഥിരമായി സംരക്ഷമുണ്ടായ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് സുരക്ഷ ഒരുക്കാനാണ് ഏജന്‍സി ആദ്യമായി കേരളത്തില്‍ എത്തിയത് ഇതിനായി അവര്‍ തൃശൂര്‍ ജില്ലയില്‍ ഓഫീസും തുറന്നു. മുന്‍ പോലീസ് കമ്മീഷണര്‍ ഏജന്‍സിയുമായി സഹകരിക്കാന്‍ തയ്യാറായതോടെ കേരളത്തിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഏജന്‍സി. ഇതിനിടെയാണ് ദിലീപ് വിവാദനായകനാകുന്നത്.

ദിലീപിന് സുരക്ഷ ഒരുക്കാന്‍ എത്തിയത് താരം ആവശ്യപ്പെടാതെ തന്നെയാണെന്ന് ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. സ്ഥാപനത്തിന്റെ ഉടമ നേരില്‍ വന്നു താരത്തെ കാണുകയും സുരക്ഷ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇവരുമായി പ്രാഥമികവട്ട ചര്‍ച്ച നടത്തിയതായി ദിലീപും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം സംഘം മടങ്ങിതോടെ സംഭവം വിവാദമാകുകയും പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും മറ്റും ചെയ്തിരുന്നു. വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതോടെ ഏജന്‍സിയുടെ ഉടമ അനില്‍ നായര്‍ ഗോവയിലേക്ക് മടങ്ങി.

വിമുക്ത ഭടന്മാരെ ഉള്‍പ്പെടുത്തിയുള്ളതാണ് ഈ സുരക്ഷാ ഏജന്‍സി. ഇവര്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സുമുണ്ടാകും. എന്നാല്‍ ഹരിയാന പോലെ ലൈസന്‍സ് എളുപ്പമുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നായിരിക്കും ഇവര്‍ ലൈസന്‍സ് എടുക്കുക.
അതിനിടെ, ഗോവയില്‍ നിന്നെത്തിയ സംഘത്തിന് നടിയെ ആക്രമിച്ച കേസിലെ ചില പ്രതികളുമായി പരിചയമുണ്ടെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തതും ഏജന്‍സിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബി.ജെ.പി ദക്ഷിണേന്ത്യന്‍ സെല്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആളാണ് ഏജന്‍സി ഉടമയായ അനില്‍ നായര്‍.