കോട്ടയം: ജലന്ധര്‍ രൂപത ഞായറാഴ്ച നടത്താനിരിക്കുന്ന ‘ത്യാഗ സഹന ജപമാല യാത്ര’യില്‍ നിന്ന് മുഖ്യാതിഥിയെ മാറ്റി. മുഖ്യാതിഥിയായി ആദ്യം നിശ്ചയിച്ചിരുന്നത് പി.സി ജോര്‍ജ് എം.എല്‍.എയെ ആയിരുന്നു. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കി കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളെയും അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോര്‍ജ് ജലന്ധറില്‍ എത്തുന്നതിനെ ഒരു വിഭാഗം വൈദികരും അത്മായരും എതിര്‍ത്തതോടെയാണ് മാറ്റാന്‍ തീരുമാനിച്ചത്. പകരം ഗുഡ്ഗാവ് മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് ബര്‍ണബാസ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

ജോര്‍ജ് പരിപാടിക്ക് എത്തുന്ന വിവരം നോട്ടീസ് പുറത്തുവന്നപ്പോഴാണ് ഭൂരിഭാഗം വൈദികരും അത്മായരും അറിഞ്ഞത്. ഇതോടെ ഏതാനും വൈദികര്‍ പരാതിയുമായി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് അഗ്‌നെലോ ഗ്രേഷ്യസിനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. വൈദികരുടെ ആശങ്ക പരിഗണിച്ച അഡ്മിനിസ്‌ട്രേറ്റര്‍ മുഖ്യാതിഥിയെ മാറ്റി നിശ്ചയിക്കാന്‍ സംഘടാകര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് ജലന്ധറില്‍ നിന്നും ലഭിക്കുന്ന വിവരം.

നാളെ വൈകിട്ട് അഞ്ചു മണിക്ക് ജലന്ധര്‍ സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളില്‍ നിന്നാണ് ജപമാല യാത്ര ആരംഭിക്കുന്നത്. ബിഷപ്പ് ഹൗസ് വരെയാണ് റാലി. രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലിയില്‍ മെഴുകുതിരികളും തെളിച്ച് പങ്കെടുക്കാനാണ് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ഇടവകകളില്‍ നിന്നും വിശ്വാസികള്‍ എത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കത്തോലിക്കാ സഭയില്‍ ജപമാലയുടെ വണക്കത്തിനായി ഒക്‌ടോബര്‍ മാസം പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നതാണ്. എല്ലാ ദേവാലയങ്ങളിലും ഇതോടനുബന്ധിച്ച് ജപമാല ചൊല്ലുന്നതും സമാപന നാളുകളില്‍ പ്രത്യേക ചടങ്ങുകളും നടത്തുന്നതും പതിവാണ്. എന്നാല്‍ ജലന്ധറില്‍ ഇത്തവണ ത്യാഗ സഹന ജപമാല യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ‘ത്യാഗ സഹന’ റാലിയാക്കി മാറ്റിയത്.