ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ഡല്‍ഹി തയ്യാറാണ് എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വിവിധ സേവനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള സമയമായിരിക്കുന്നു. കൊറോണ വൈറസുമായി ജീവിക്കാന്‍ നമ്മള്‍ തയ്യാറാകണം – കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇതുവരെ 64 പേരാണ് കോവിഡ് മൂലം മരിച്ചത്. 4122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1256 പേര്‍ക്ക് അസുഖം ഭേദമായി.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ഡല്‍ഹി തയ്യാറാണെന്ന് കെജ്രിവാള്‍ പറഞ്ഞു. ഹോസ്പിറ്റലുകളും കിറ്റുകളും സജ്ജമാണ്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ സീല്‍ ചെയ്തത് തുടരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മറ്റ് മേഖലകളെല്ലാം ഗ്രീന്‍ സോണുകളാക്കാം. ഒറ്റ, ഇരട്ട അക്ക നമ്പറുകള്‍ നോക്കി കടകള്‍ തുറക്കാം. ലോക്ക് ഡൗണ്‍ അവസാനിച്ച് കഴിഞ്ഞും കേസുകള്‍ വന്നാല്‍ അതിനെ നേരിടാന്‍ ഡല്‍ഹി സജ്ജമാണ് എന്ന് കെജ്രിവാള്‍ അവകാശപ്പെട്ടു.