കൊച്ചി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തെ പാകിസ്ഥാനായി ചിത്രീകരിച്ച് ടൈംസ് നൗ. ഇന്നലെ കൊച്ചിയിലെത്തിയ അമിത് ഷായുടെ സന്ദര്‍ശന വാര്‍ത്ത ഏതോ ഭീകരപ്രദേശത്തേക്കെത്തുന്ന നേതാവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ടൈംസ് നൗ പുറത്തുവിട്ടത്. ഇടിമുഴക്കം നിറഞ്ഞ പാകിസ്ഥാന് സമാനമായ കേരളത്തിലേക്ക് ബിജെപി പ്രസിഡന്റ് അമിത് ഷാ എത്തിച്ചേര്‍ന്നു എന്നായിരുന്നു വാര്‍ത്തയുടെ തലവാചകം.

മണിക്കൂറുകള്‍ക്കകം തന്നെ ടൈംസ് കൗ എന്ന ഹാഷ്ടാഗില്‍ ചാനലിനെതിരെ മലയാളികള്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചതോടെ വാര്‍ത്ത കൊടുത്തതില്‍ നിരുപാധികം മാപ്പ് പറയുന്നതായി ടൈംസ് നൗ അറിയിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധന തീരുമാനത്തിനെതിരെ ശക്തമായ സമരം നടക്കുന്നതിനിടയില്‍ അതൊന്നും വകവെയ്ക്കാതെ അമിത് ഷാ കേരളത്തിലെത്തിയെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബീഫ് നിരോധനം അടക്കമുള്ള കാര്യങ്ങളില്‍ കേരളത്തിന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് അലവലാതിഷാജി എന്ന ഹാഷ്ടാഗ് ഇന്നലെ ട്വിറ്റര്‍ റേറ്റിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തെ പാകിസ്ഥാനായി ചിത്രീകരിച്ചുകൊണ്ടുള്ള ദേശീയ മാധ്യമമായ ടൈംസ് നൗവിന്റെ വാര്‍ത്ത പുറത്തു വന്നത്.