നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ടൈംസ് ടേബിള്‍ ടെസ്റ്റിന്റെ ട്രയല്‍ മാര്‍ച്ചില്‍ നടത്തും. ദേശീയതലത്തില്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ട്രയല്‍ പരീക്ഷ നടത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ ഒരുങ്ങുന്നത്. കുട്ടികളുടെ സംഖ്യാ ജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ പരീക്ഷ ഉതകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 2020 മുതല്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരീക്ഷ നിര്‍ബന്ധിതമായി നടത്താനാണ് പദ്ധതി. 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓണ്‍ സ്‌ക്രീന്‍ ടെസ്റ്റ് 12 വയസ്സുവരെയുള്ള കുട്ടികളുടെ ടൈംസ് ടേബിളിനെക്കുറിച്ചുള്ള അറിവായിരിക്കും പരിശോധിക്കുക. ടെസ്റ്റ് കുട്ടികള്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാത്ത വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിക്കുകയോ മറ്റു മുല്യനിര്‍ണ്ണയത്തിന് ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ അറിയിച്ചു.

അതേസമയം, അധ്യാപക സംഘടനാ നേതാക്കള്‍ പുതിയ ടെസ്റ്റിനെ എതിര്‍ത്തു കൊണ്ട് രംഗത്തു വന്നിട്ടുണ്ട്. ഇഗ്ലീഷിന്റെയും ഗണിതശാസ്ത്രത്തിന്റെയും മുല്യനിര്‍ണ്ണയത്തിനായി നിലവില്‍ ഉണ്ടായിരുന്ന സാറ്റ് ടെസ്റ്റിന് സമാനമായ പുതിയ ടെസ്റ്റ് കുട്ടികളില്‍ സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും ഉണ്ടാക്കുമെന്ന് അധ്യാപകര്‍ പറയുന്നു. സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള മുല്യനിര്‍ണ്ണയ രീതികളോട് യോജിച്ച് നിന്നാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും ഇത്തരം ടേബിള്‍സ് ടെസ്റ്റുകള്‍ സര്‍ക്കാര്‍ തലത്തില്‍ വീണ്ടും കൊണ്ടുവരുന്നത്. അങ്ങേയറ്റം നിരാശജനകമാണെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറി നിക്ക് ബ്രൂക്ക് പറയുന്നു.

മള്‍ട്ടിപ്ലിക്കേഷന്‍ ടെസ്റ്റുകള്‍ എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് 2015ലെ കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയിലായിരുന്നു. 11 വയസുള്ള കുട്ടികള്‍ക്കു വേണ്ടിയായിരുന്നു ഇത് വിഭാവനം ചെയ്തത്. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ കുട്ടികളേക്കാള്‍ ഗണിതശാസ്ത്രത്തില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍ പിന്നാക്കം പോകുന്നത് പരിഹരിക്കാനായിരുന്നു ഇത് ആവിഷ്‌കരിച്ചത്. ഷാംഗ്ഹായിലെയും സിംഗപ്പൂരിലെയും കുട്ടികളുടെ ഗണിതശാസ്ത്ര ജ്ഞാനത്തിനൊപ്പം ഇംഗ്ലണ്ടിലെ കുട്ടികളെയും എത്തിക്കാന്‍ പരീക്ഷയ്ക്ക് കഴിയുമെന്നാണ് അവകാശപ്പെടുന്നത്. അന്താരാഷ്ട മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്‍സ് പഠനത്തില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍ 546 പോയിന്റുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സിംഗപ്പൂരിലെ കുട്ടികള്‍ക്ക് ലഭിച്ചത് 618 പോയിന്റുകളാണ്.