ടൈറ്റാനിക് അപകടത്തെ ആസ്പദമാക്കി ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന ചിത്രം സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ജാക്കിന്റെയും റോസിന്റെയും ദുരന്ത പ്രണയകഥ പറഞ്ഞ ചിത്രത്തിനൊടുവില്‍ ജാക്കിന്റെ മരണരംഗം ആരാധകരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. തിരക്കഥയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തി ജാക്കിനെ മരണത്തിനു വിടാതിരിക്കാമായിരുന്നു എന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടിരുന്നതാണ്. ചിത്രം പുറത്തിറങ്ങി 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചോദ്യത്തിന് വിശദീകരണം നല്‍കുകയാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍.

വാനിറ്റി ഫെയര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണാ കാമറൂണിന്റെ വെളിപ്പെടുത്തല്‍. മറുപടി വളരെ ലളിതമാണ്, തിരക്കഥയുടെ 1047-ാം പേജില്‍ ജാക്ക് മരിക്കുന്നു എന്ന് എഴുതിയിരിക്കുന്നു. റോസിനെ ജീവിക്കാന്‍ വിടുകയും ജാക്കിനെ മരണത്തിനു വിടുകയും ചെയ്യുക! തികച്ചും കലാപരമായ ഒരു തെരഞ്ഞെടുപ്പ്. റോസ് രക്ഷപ്പെടാന്‍ പിടിച്ചു കിടക്കുന്ന കതകില്‍ ഒരാള്‍ക്ക് കൂടി സ്ഥലമുണ്ടായിരുന്നെങ്കില്‍ പോലും ജാക്ക് മരിക്കുമായിരുന്നു. സ്ഥലമുണ്ടായിരുന്നുവെന്നതാണ് വാസ്തവമെന്ന് കാമറൂണ്‍ പറഞ്ഞു.

ജാക്ക് ജീവിച്ചിരുന്നെങ്കില്‍ ചിത്രത്തിന്റെ അന്ത്യം നിരര്‍ത്ഥകമാകുമായിരുന്നു. മരണവും വിരഹവുമാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. അതുകൊണ്ട് ജാക്ക് മരിച്ചേ പറ്റൂ. കപ്പലിന്റെ ഭീമന്‍ പുകക്കുഴല്‍ വീണായാലും ജാക്ക് മരിക്കുമായിരുന്നു. ഇത് ഇത്ര വലിയ വിഷയമാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും കാമറൂണ്‍ പറയുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത് ചര്‍ച്ചയാകുന്നുണ്ടല്ലോ. അതാണ് കലയുടെ ശക്തി. കലാപരമായ കാരണങ്ങളാലാണ് ഈ ചര്‍ച്ച നടക്കുന്നതെന്നും കാമറൂണ്‍ പറഞ്ഞു.