ഇന്ന് ഓശാന ഞായര്‍. യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍  ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍. ലോകമെമ്പാടും ക്രൈസ്തവര്‍ വിശുദ്ധ വാരത്തിനായി ഒരുങ്ങുന്നു.

ഇന്ന് ഓശാന ഞായര്‍. യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍  ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍. ലോകമെമ്പാടും ക്രൈസ്തവര്‍ വിശുദ്ധ വാരത്തിനായി ഒരുങ്ങുന്നു.
March 25 07:15 2018 Print This Article

ന്യൂസ്‌ ഡെസ്ക്

ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരത്തിന് തുടക്കംകുറിച്ചു യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സമാധാനത്തിന്‍റെയും, എളിമയുടെയും ദിനം കൂടിയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടും. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാ‍ന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.

രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു ക്രിസ്തു ദേവന്‍റെ ജറുസലേം പ്രവേശനം. വിനയത്തിന്‍റെ അടയാളമായ കഴുതപ്പുറത്ത്, ജറുസലേമിലേക്ക് എഴുന്നള്ളിയ ക്രിസ്തു ദേവനെ ഒലിവിലകള്‍ കൈയിലേന്തി, ഓശാന ഗീതികള്‍ പാടിയായിരുന്നു ജനം എതിരേറ്റത്. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച്‌ വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുദേവന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്.

ഓശാന ഞായറോടു കൂടി ക്രൈസ്‌തവര്‍ക്ക് വിശുദ്ധവാരം ആരംഭിക്കുകയാണ്. ഇനിയുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്‍റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്‍റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്.  കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിൽ പെസഹ വ്യാഴാഴ്ച, അന്ത്യ അത്താഴത്തിന്‍റെ സ്‌മരണയ്ക്കായി ഉണ്ടാക്കുന്ന കുരിശപ്പത്തിന്‍റെ മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, പാലില്‍ ഇടാനും ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയാണ് ഉപയോഗിക്കുക.

ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് ഓശാന ഞായര്‍ മുതല്‍ ഈസ്‌റ്റര്‍ വരെയുള്ള ഒരാഴ്ച. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹക്കാലത്ത് കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന തിരുസഭയുടെ കല്പന വ്യക്തമാക്കുന്നതും ക്രൈസ്തവര്‍ക്കിടയിലുള്ള വിശുദ്ധവാരത്തിന്‍റെ ഈ പ്രാധാന്യം തന്നെയാണ്.

 

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles