ദീപ ദേവരാജന്‍, യോര്‍ക്ക്‌ഷയര്‍

വിഷുവിന്റെ ഓര്‍മ്മകള്‍ എന്നുമെന്നെ കൂട്ടിക്കൊണ്ടുപോവുക നിറമുള്ള ആ കുട്ടിക്കാലത്തേക്കാണ്. അന്നൊക്കെയായിരുന്നു, അന്നൊക്കെ മാത്രമായിരുന്നു യഥാര്‍ത്ഥ വിഷു. എന്തുകൊണ്ടോ എനിക്കെപ്പോഴും അങ്ങനെ തോന്നാറുണ്ട്. വേനലവധിക്കാലത്തെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരത്തിന് ഓണത്തുമ്പിയേക്കാള്‍ ഭംഗിയാണ്. മാര്‍ച്ച് മാസത്തിലെ പരീക്ഷച്ചൂട് കഴിഞ്ഞ് തിമിര്‍ത്തുല്ലസിക്കാന്‍ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന വലിയവധിക്കാലത്തുണ്ണുന്ന വിഷുസദ്യക്ക് ഏറെ മധുരമാണ്.

വിഷുവിന്റെ ഐതിഹ്യത്തെക്കുറിച്ച് ചോദിച്ചാല്‍ അധികമാര്‍ക്കും അറിയാത്ത ചിലതൊക്കെപ്പറയാന്‍ കഴിയുന്നത് കുട്ടിക്കാലത്ത് എനിക്ക് അച്ചാമ്മ പറഞ്ഞുതന്ന കഥകള്‍ ഇപ്പോഴും മനസില്‍ നിന്നു മായാത്തതുകൊണ്ടുമാത്രം. ദുഷ്ടനും രാക്ഷസനുമായിരുന്ന നരകാസുരനെ വധിച്ച് കൃഷ്ണന്‍ മാനവരാശിയെ രക്ഷിച്ചതിന്റെ ആനന്ദസൂചകമായാണ് പോലും വിഷു ആഘോഷിച്ചു വരുന്നത്. അച്ചാമ്മ ആ കഥ പറഞ്ഞു തരുമ്പോള്‍ നരകാസുരനും കൃഷ്ണനും യുദ്ധം ചെയ്യുന്നതും വധിക്കുന്നതുമെല്ലാം മനസിലൂടെ അതിവേഗം മിന്നിമറയും. അതുകൊണ്ടാകാം ആ കഥ ഇന്നും മറന്നിട്ടില്ല. എങ്കിലും ഞാനെന്റെ കുട്ടിക്കാലത്ത് വിഷുവിനെ സ്‌നേഹിച്ചത് കൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ സന്തോഷം കൊണ്ടൊന്നുമല്ല. വിഷുവിന്റെ തലേന്ന് സഹോദരങ്ങള്‍ക്കൊപ്പം കൊന്നപ്പൂ അടര്‍ത്താന്‍ അയല്‍പക്കത്തൊക്കെ ഓടിനടക്കാം, രാത്രിയാകുമ്പോള്‍ അച്ഛന്‍ പൂത്തിരിയും പടക്കവുമൊക്കെ കൊണ്ടുവരും, പുതിയ കുപ്പായവും വാങ്ങിത്തരും, അതിനുമൊക്കെയപ്പുറം കുടുംബത്തെ കാര്‍ന്നോന്മാരും മുതിര്‍ന്നവരുമെല്ലാം ഞങ്ങള്‍ കുട്ടികള്‍ക്ക് കൈ നിറയെ കൈ നീട്ടമായി തരുന്ന പണം സൂക്ഷിച്ച് വെച്ച് ഇഷ്ടമുള്ളതൊക്കെ വാങ്ങാം. അച്ഛനാണ് ഏറ്റവും കൂടുതല്‍ കാശുതരുന്നത്. വീട്ടില്‍ പത്രമിടാന്‍ വരുന്ന ചേട്ടനുവരെ വിഷുകൈനീട്ടം നല്‍കുന്ന പ്രകൃതക്കാരനാണെന്റെയച്ഛന്‍.

ഒരു വിഷുനാളില്‍ ഉച്ചയ്ക്ക് എല്ലാവര്‍ക്കുമൊപ്പമിരുന്ന് സദ്യ ഉണ്ണുമ്പോള്‍ അച്ഛന്‍ പറഞ്ഞുതന്ന വിഷുവിന്റെ ഐതീഹ്യമാണ് യഥാര്‍ത്ഥമെന്ന് മുതിര്‍ന്നപ്പോള്‍ മനസിലായി. വിളവിറക്കലിന്റെ കാലമാണ് വിഷു. മേടമാസം വിഷുവിന് മുന്നോടിയായെത്തുന്ന വേനല്‍മഴയില്‍ മണ്ണ് വിളവിറക്കലിന് പാകമാകുമെന്നും സമൃദ്ധിയുടെ വരും കാലത്തിന്റെ സന്തോഷസൂചകമാ്യാണ് വിഷു ആഘോഷിച്ചിരുന്നതെന്നും അച്ഛന്‍ പറഞ്ഞു. കൂടാതെ അച്ഛന്‍ പറഞ്ഞ മറ്റൊരു കാര്യം മനസിനെ വല്ലാതെ സ്പര്‍ശിച്ചു. പണ്ട് അച്ഛന്റെയൊക്കെ കുട്ടിക്കാലത്ത് ആണ്ടിലൊരിക്കല്‍ വരുന്ന ഓണത്തിനും വിഷുവിനും മാത്രമാണ് വയറുനിറച്ച് രുചിയുള്ള ഭക്ഷണം കഴിച്ചിരുന്നതെന്നും രണ്ടോ മൂന്നോ കൊല്ലം കൂടിയിരിക്കുമ്പോള്‍ ഒരു വിഷുവിനും ഓണത്തിനുമായിരിക്കും പുത്തനുടുപ്പ് കിട്ടുന്നതെന്നും അല്ലലിന്റെ അത്തരമൊരു കഥ വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കുവാനില്ല. പിന്നെ എങ്ങനെ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് വിഷുവിന്റെ ചരിത്രം മനസിലാക്കിക്കൊടുക്കും. ചൂണ്ടിക്കാണിച്ചു കൊടുക്കുവാന്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരങ്ങള്‍ വിരളം, കഥപറഞ്ഞു നല്‍കാന്‍ ആര്‍ക്കുസമയം, കുടുംബങ്ങളില്‍ ഇന്നാരുമില്ല. മിക്ക വീടുകളിലും പ്രായമായ കാര്‍ന്നോന്മാര്‍ ഒറ്റയ്ക്ക് താമസം. മക്കളൊക്കെ ജോലിയായി പലവഴിക്ക് വല്ലപ്പോഴും മാത്രം വിരുന്നുകാരായെത്തുന്ന കൊച്ചുമക്കള്‍. കഥയായി പറഞ്ഞു കൊടുക്കാമെന്നുവെച്ചാലോ നരകാസുരന്റെയും കൃഷ്ണന്റെയും സ്ഥാനത്ത് അവരുടെ മനസില്‍ നിറയുന്ന ചിത്രം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഛോട്ടാഭീമും ഡോറയുമൊക്കെയാകും.

ഞങ്ങള്‍ പ്രവാസികളുടെ വിഷുവാഘോഷമാണ് ബഹുരസം. എല്ലാവര്‍ക്കും ഒരുമിച്ച് അവധികിട്ടുന്ന ഒരു ദിവസം ഞങ്ങള്‍ ഈസ്റ്ററും വിഷുവും ഒരുമിച്ചങ്ങാഘോഷിക്കും. അതുചിലപ്പോള്‍ വിഷുവിന് ഒരാഴ്ച മുമ്പോട്ടോ പിന്നോട്ടോ ആയേക്കാം. എല്ലാ ഓണത്തിനും വിഷുവിനും ക്രിസ്തുമസിനുമൊക്കെ നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് സ്വപ്‌നം കാണാനേ കഴിയൂ. ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണെന്നും കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃരാജ്യത്തേക്ക് ഞങ്ങള്‍ മടങ്ങിപ്പോകുമെന്നൊക്കെ ബ്രിട്ടീഷുകാരായ സുഹൃത്തുക്കളോട് വീമ്പുപറയുമ്പോഴും ഇടനെഞ്ചു പൊട്ടാറുണ്ട്. ഭൂമിയിലെ ജീവിതത്തില്‍ ഈ ആഗ്രഹങ്ങങളൊന്നും സഫലമാകാതെ പരലോകത്ത് ഗതികിട്ടാതലയുന്ന ആത്മാക്കളായി മാറിയാലും ഈ ജന്മം സ്വപ്നങ്ങളൊക്കെ നടക്കുമോ എന്റെ കൃഷ്ണാ….