ലണ്ടന്‍: മിഷന്‍ ഇംപോസിബിള്‍ സീരീസിലെ ആറാമത് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ ഹോളിവുഡ് മെഗാ സ്റ്റാര്‍ ടോം ക്രൂസിന് പരിക്കേറ്റു. അദ്ദേഹത്തിന്റെ രണ്ട് അസ്ഥികള്‍ ഒടിഞ്ഞതായാണ് വിവരം. പരിക്ക് ഭേദമായി വീണ്ടും ചിത്രീകരണം ആരംഭിക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. ചിത്രീകരണത്തിനായി സജ്ജീകരിച്ചിരുന്ന മതിലിലേക്ക് ഉയരത്തില്‍ നിന്ന് വീണതാണ് പരിക്കിന് കാരണം. ചിത്രത്തിലെ പ്രധാന കഥാപാത്രമായതിനാല്‍ ഷൂട്ടിംഗും നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെന്‍ട്രല്‍ ലണ്ടനിലെ ബ്ലാക്ക്ഫ്രയറില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 55കാരനായ സൂപ്പര്‍താരം ആക്ഷന്‍ രംഗങ്ങള്‍ സ്വന്തമായാണ് ചെയ്യാറുള്ളത്. രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ ചാടുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. ക്രെയിനില്‍ റോപ്പുകൡ തൂങ്ങിയായിരുന്നു ചാടിയത്. എന്നാല്‍ ചാട്ടത്തില്‍ താരത്തിനുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. മതിലില്‍ ഇടിച്ചുവീണ ക്രൂസിന്റെ കണങ്കാലുകള്‍ക്കാണ് ഒടിവുണ്ടായത്.

എക്‌സ്‌റേ പരിശോധനയിലാണ് പരിക്കിന്റെ ആഴം മനസിലായത്. താരം ചികിത്സക്കായി അമേരിക്കയിലേക്ക് തന്നെ തിരിച്ചു പോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2015ല്‍ വന്ന മിഷന്‍ ഇംപോസിബിള്‍ ചിത്രത്തില്‍ വിമാനത്തില്‍ തൂങ്ങിയുള്ള സ്റ്റണ്ട് ടോം ക്രൂസ് ചെയ്തിരുന്നു. 2013ല്‍ ബുര്‍ജ് ഖലീഫയില്‍ തൂങ്ങിയുള്ള സാഹസിക അഭ്യാസമാണ് മിഷന്‍ ഇംപോസിബിളിനു വേണ്ടി ക്രൂസ് ചെയ്തത്.