കെന്റിലെ ടോണ്‍ബ്രിഡ്ജ് കാര്‍ണിവലില്‍ പുതു ചരിത്രം രചിക്കുവാന്‍ സഹൃദയ

കെന്റിലെ ടോണ്‍ബ്രിഡ്ജ് കാര്‍ണിവലില്‍ പുതു ചരിത്രം രചിക്കുവാന്‍ സഹൃദയ
June 16 06:29 2017 Print This Article

ബിബിന്‍ ഏബ്രഹാം

വെസ്റ്റ് കെന്റിലെ പ്രമുഖ മലയാളി കൂട്ടായ്മ ആയ സഹൃദയ – ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് യു.കെയിലെ മണ്ണില്‍ ചരിത്രം കുറിക്കുവാനായി അവസാനഘട്ട തയ്യാറെടുപ്പില്‍. ഈ വരുന്ന ഞായറാഴ്ച്ച കെന്റിലെ ടോണ്‍ബ്രിഡ്ജില്‍ ടോണ്‍ബ്രിഡ്ജ് ബോറോ കൗണ്‍സിലും ലയണ്‍സ് ക്ലബും സംയുക്തമായി നടത്തുന്ന കാര്‍ണിവലില്‍ പങ്കെടുക്കാന്‍ സഹൃദയയ്ക്ക് ആദ്യമായി അവസരം ലഭിച്ചിരിക്കുകയാണ്.

പല സംസ്‌കാരത്തിന്റെ സംഗമ വേദിയായ ടോണ്‍ബ്രിഡ്ജ് കാര്‍ണിവലില്‍ മലയാളി തനിമയുടെ നേര്‍കാഴ്ച്ചകളുമായി കണ്ണിനു അഴകും കാതിന് ഇമ്പവുമായി കാഴ്ച്ചക്കാരില്‍ വര്‍ണ്ണ-വിസ്മയം വിളിച്ചോതാന്‍ തയ്യാറായിരിക്കുകയാണ് ടീം സഹൃദയ. ഏകദേശം നാലായിരത്തോളം കാണികള്‍ പങ്കെടുക്കുന്ന കെന്റിലെ ഏറ്റവും വലിയ കാര്‍ണിവലില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളും വേഷവിധാനങ്ങളുമായി വ്യത്യസ്തത തീര്‍ക്കുവാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ സഹൃദയ പൂര്‍ത്തികരിച്ചു കഴിഞ്ഞു.

സഹൃദയയോടൊപ്പം കാര്‍ണിവലിന്റെ ഭാഗമായുള്ള പരേഡില്‍ മുപ്പത്തിയഞ്ചിനു മേല്‍ വരുന്ന വിവിധ ഫ്‌ളോട്ടുകള്‍, കലാരൂപങ്ങള്‍, സംഘടനകള്‍ അണിനിരക്കുന്നതാണ്. ഞായറാഴ്ച്ച രാവിലെ പത്തു മണിയോടെ തുടങ്ങുന്ന ഘോഷയാത്രയില്‍ കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞ് സഹൃദയ അംഗങ്ങള്‍ അണിനിരക്കുമ്പോള്‍ അത് തീര്‍ച്ചയായും വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരു പോലെ ആവേശവും ആനന്ദവുമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

മേളയുടെ സൗന്ദര്യം വാനോളമുയര്‍ത്താന്‍ താലപ്പൊലിയേന്തി മലയാളി മങ്കകളും, മുത്തു കുട ചൂടി പുരുഷ കേസരികളും, നൃത്തവേഷവിധാനങ്ങളുമായി കുട്ടികളും മുന്നില്‍ നിന്നു നയിക്കുന്ന ഘോഷയാത്രയില്‍ തിരുവാതിര, ചെണ്ടമേളം, കഥകളി, തെയ്യം തുടങ്ങിയ കലാവിരുന്നുകള്‍ അണിനിരന്ന് കേരള സംസ്‌കാരത്തിന്റെ പ്രൗഡിയും പ്രതാപവും ഈ ബ്രിട്ടന്റെ മണ്ണില്‍ വിളിച്ചറിയിക്കാന്‍ സഹൃദയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

ഈ ആവേശത്തില്‍ പങ്കുചേരാനും, നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര കാണുവാനും, മറ്റു ദേശ സംസ്‌കാരങ്ങളെ മനസ്സിലാക്കുവാനുമായി യു.കെയിലുള്ള എല്ലാ മലയാളി കുടുംബങ്ങളെയും സഹൃദയ കെന്റിലെ ടോണ്‍ബ്രിഡ്ജിലേക്ക് ഹൃദയത്തിന്റെ ഭാഷയില്‍ സ്വാഗതം ചെയ്യുകയാണ്.

ഈ മേളയുടെ ഭാഗമായുള്ള വിരുന്നില്‍ കേരളീയ ഭക്ഷണത്തിന്റെ രുചിക്കൂട്ട് ഏവരിലും എത്തിക്കുവാനായി കൊതിയൂറും നാടന്‍ ഭക്ഷണവിഭവങ്ങളുമായി ലൈവ് ഫുഡ് സ്റ്റാളും കാസില്‍ ഗ്രൗണ്ടില്‍ സഹൃദയ ഒരുക്കുന്നതാണ്.

കാര്‍ണിവലില്‍ പങ്കുചേരുവാന്‍ എത്തിചേരേണ്ട സ്ഥലം ഇപ്രകാരം

Angel Centre (Medway hall),
Tonbridge, TN9 1SF.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക..

പ്രസിഡന്റ് സെബാസ്റ്റ്യന്‍ എബ്രഹാം – 07515120019
സെക്രട്ടറി- ബിബിന്‍ എബ്രഹാം- 07534893125
പ്രോഗ്രാം കോ.ഓര്‍ഡിനേറ്റര്‍ – ഷിനോ തുരുത്തിയില്‍ – 07990935945

  Categories:

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles