ക്രിക്കറ്റില്‍ ഡക്ക്‌വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ നിയമത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ 78 കാരനായ ടോണി ലൂയിസ് അന്തരിച്ചു. ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്. 2010-ല്‍ ക്രിക്കറ്റിനും ഗണിതശാസ്ത്രത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2010-ല്‍ ലൂയിസിന് എം.ബി.ഇ (മെമ്പര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍) ബഹുമതി ലഭിച്ചിരുന്നു.

1997-ലാണ് ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ പ്രൊഫ. ടോണി ലൂയിസും സ്റ്റാറ്റിസ്റ്റിഷ്യനായ ഫ്രാങ്ക് ഡക്ക്വര്‍ത്തും ചേര്‍ന്ന് മഴമൂലം തടസപ്പെടുത്ത മത്സരങ്ങളില്‍ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കാന്‍ ഉപയോഗിക്കുന്ന ഡക്ക്വര്‍ത്ത് – ലൂയിസ് രീതി ആവിഷ്‌ക്കരിച്ചത്. 1999-ല്‍ ഈ രീതി ഐ.സി.സി അംഗീകരിച്ചു. പിന്നീട് 2014-ല്‍ പ്രൊഫസര്‍ സ്റ്റീവന്‍ സ്റ്റേണ്‍ ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തതോടെ മഴനിയമത്തില്‍ അദ്ദേഹത്തിന്‍ പേരുകൂടി ചേര്‍ക്കപ്പെട്ടു. ഇതോടെ ഈ നിയമം ഡക്ക്വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 2014 ലാണ് ഈ നിയമം ആദ്യമായി ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയ -ന്യൂസിലാന്‍ഡ് ലോകകപ്പ് മത്സരത്തിലായിരുന്നു ഇത്. പിന്നീട് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഈ നിയമത്തിന് ഏറെ വിമര്‍ശനം നേരിട്ടിരുന്നു.

1992-ലെ ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനല്‍ മത്സരമാണ് ഇത്തരമൊരു നിയമത്തെ കുറിച്ച് ഐസിസിയെ ചിന്തിപ്പിച്ചത്. 1992 മാര്‍ച്ച് 22-ന് സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 45 ഓവറില്‍ 252 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനിടെ മഴയെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 13 പന്തില്‍ 22 റണ്‍സ് വേണമെന്നിരിക്കെ കളി തുടരാന്‍ ബുദ്ധിമുട്ടാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ച് അറിയിച്ചതനുസരിച്ച് അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെച്ചു. മഴമാറി മത്സരം തുടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു പന്തില്‍ 21 റണ്‍സായിരുന്നു. സ്വാഭാവികമായും അവര്‍ മത്സരം തോറ്റു. ഇതോടെ മഴ തടസപ്പെടുത്തുന്ന മത്സരങ്ങളില്‍ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കാന്‍ കുറക്കുകൂടി ശാസ്ത്രീയമായ രീതി വേണമെന്ന ആവശ്യം ശക്തമായത്.