ലണ്ടന്‍: സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഫണ്ടുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി. ഇംഗ്ലണ്ടിലെ പ്രമുഖമായ ആറ് അക്കാഡമിക് ട്രസ്റ്റുകളാണ് സ്‌കൂളുകളുടെ ഫണ്ട് പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ കുറവ്, നിലവിലുള്ളവര്‍ക്ക് ശമ്പളം നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ പരിപാലിക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി പരിദേവനങ്ങള്‍ ഏറെയാണ് ഇവര്‍ക്ക് സര്‍ക്കാരിനോട് പറയാനുള്ളത്. ഇപ്പോള്‍ തന്നെ എന്‍എച്ച്എസ് ബജറ്റ് വെട്ടിച്ചുരുക്കിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സര്‍ക്കാരിന് കൂനിന്‍മേല്‍ കുരു എന്നപോലെയാകും വര്‍ദ്ധിച്ചു വരുന്ന സ്‌കൂള്‍ ഫണ്ടിംഗ് പ്രതിസന്ധിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലണ്ടിലെ 13 മുന്‍നിര മള്‍ട്ടി അക്കാഡമി ട്രസ്റ്റുകളില്‍ എട്ടെണ്ണവും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞതായാണ് വിവരം. നാണയപ്പെരുപ്പത്തിന് അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ജീവനക്കാരെ കുറയ്‌ക്കേണ്ട ഗതികേടിലേക്കാണ് തങ്ങള്‍ നീങ്ങുന്നതെന്നും ഒരു ട്രസ്റ്റ് അറിയിച്ചു. കെന്റിലെ കെംനാല്‍ അക്കാഡമീസ് ട്രസ്റ്റിന് കഴിഞ്ഞ വര്‍ഷം 124 ദശലക്ഷം പൗണ്ടിന്റെ സര്‍ക്കാര്‍ ഫണ്ടാണ് ലഭിച്ചത്. എന്നാല്‍ 6 ദശലക്ഷം പൗണ്ടിന്റെ നഷ്ടമാണ് 41 സ്‌കൂളുകളുടെ പ്രവര്‍ത്തനച്ചുമതലയുള്ള ട്രസ്റ്റിന് 2016-17 വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്.

ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കി വരുന്ന തുകയില്‍ വ്യത്യാസമുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചനയെന്നും അത് ട്രസ്റ്റുകളുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുമെന്നും എട്ട് ട്രസ്റ്റുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനനുസരിച്ച് ബജറ്റ് തയ്യാറാക്കുമ്പോള്‍ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടതായി വരുമെന്നും ഇവര്‍ വ്യക്തമാക്കി.