മുതിര്‍ന്ന വനിതാ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത് പുരുഷ ഡോക്ടര്‍മാരേക്കാള്‍ കുറഞ്ഞ ശമ്പളം. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വേതന അസമത്വത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്. ഇഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന 100 കണ്‍സള്‍ട്ടന്റുമാരില്‍ വെറും അഞ്ച് പേര്‍ മാത്രമാണ് സ്ത്രീകളായിട്ടുള്ളത്. എന്‍എച്ച്എസ് ഡോക്ടര്‍മാരില്‍ മൂന്നിലൊന്ന് പേര്‍ സ്ത്രീകളാണന്നിരിക്കെയാണിത്. വലിയ പ്രതിഫലം കൈപ്പറ്റുന്ന മുതിര്‍ന്ന ഒരു പുരുഷ കണ്‍സള്‍ട്ടന്റ് സമ്പാദിക്കുന്നത് ഏതാണ്ട് 7,40,000 പൗണ്ടാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സ്ത്രീകളേക്കാള്‍ രണ്ടര മടങ്ങ് അധികമാണ് ഇതെന്നാണ് വ്യക്തമാകുന്നത്.

ഒരു ശരാശരി വനിതാ കണ്‍സള്‍ട്ടന്റ് ഒരു വര്‍ഷം സമ്പാദിക്കുന്നത് പുരുഷന്‍മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 14,000 പൗണ്ട് കുറവാണെന്ന് അറിയുമ്പോളാണ് ഇതിന്റെ വ്യത്യാസം മനസിലാകുക. പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള വേതനത്തിലെ അന്തരം 12 ശതമാനത്തോളം വരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പുതിയ കണ്ടെത്തലുകള്‍ നിരാശപ്പെടുത്തുന്നതാണെന്നും ആരോഗ്യ മേഖലയില്‍ തുടരുന്ന വേതനത്തിലെ അസമത്വം പരിഹരിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും മുതിര്‍ന്ന വനിതാ ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ബിബിസി കണ്ടെത്തിയ കണക്കുകള്‍ പ്രകാരം ഉന്നത പുരുഷ കണ്‍സള്‍ട്ടന്റുമാര്‍ 2016-17 കാലഘട്ടത്തില്‍ സമ്പാദിച്ചത് ഏതാണ്ട് 739,460 പൗണ്ടാണ് സ്ത്രീകളുടെ കാര്യത്തില്‍ ഇത് വെറും 281,616 പൗണ്ട് മാത്രമാണ്.

നോര്‍ത്തേണ്‍ അയര്‍ലന്റിലെ വനിതാ കണ്‍സള്‍ട്ടന്റുമാരുടെ വേതനത്തിലെ വ്യത്യാസം ഏതാണ്ട് 8,000 പൗണ്ടോളം വരും. ഓവര്‍ടൈം ബോണസ് തുടങ്ങിയവയിലെ വ്യത്യാസം 1500 പൗണ്ട് വരുമെന്ന് ബിബിസി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓവര്‍ടൈം ജോലികള്‍ കൂടുതലായി ചെയ്യുന്നത് പുരുഷന്‍മായതിനാല്‍ വേതനത്തില്‍ വ്യത്യാസമുണ്ടെന്ന് ചില ഡോക്ടര്‍മാര്‍ സമ്മതിക്കുമ്പോള്‍ തന്നെയും വേതനത്തില്‍ വലിയ അസമത്വം നിലനില്‍ക്കുന്നതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

കര്‍മ്മനിരതരായ തങ്ങളുടെ ഡോക്ടര്‍മാര്‍ക്ക് അവര്‍ ചെയ്യുന്ന ജോലികള്‍ക്കനുസരിച്ച് തുല്യവും മാന്യവുമായ വേതനം നല്‍കുന്നത് ഉറപ്പു വരുത്താന്‍ ഉതകുന്ന നടപടികള്‍ സ്വീകരിക്കുമെന്നും അത് സ്ത്രീ-പുരുഷ ഭേദമന്യേ നല്‍കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ വക്താവ് ബിബിസിയോട് പറഞ്ഞു.