മലയാളം യുകെ ന്യൂസ് ബ്യുറോ

അടുത്ത പ്രധാനമന്ത്രിയും ടോറി പാർട്ടി നേതാവും ആകാനുള്ള തെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിൽ. ശക്തമായ പ്രകടനം കാഴ്ചവെച്ച് മുൻ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസണും വിദേശകാര്യ മന്ത്രി ജെറമി ഹണ്ടും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഏകദേശം 160000ഓളം വരുന്ന കൺസേർവേറ്റിവ് പാർട്ടി അംഗംങ്ങളുടെ പിന്തുണ നേടാനാണ് അവർ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി അവർ രണ്ടുപേരും തുടർച്ചയായി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കുന്നു. അവസാന ചർച്ച ഇന്നലെ നടന്നു. പാർട്ടി അംഗങ്ങളുടെ വീടുകളിലേക്ക് ബാലറ്റ് പേപ്പറുകൾ ഇതിനകം അയച്ചിട്ടുണ്ട്. വിജയിയെ ജൂലൈ 23ന് പ്രഖ്യാപിക്കും.

പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ ചില പ്രധാന വിഷയങ്ങളിൽ കൈകൊണ്ട നിലപാടുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം : തെരേസ മേയുടെ പടിയിറക്കത്തിന് കാരണമായ ബ്രെക്സിറ്റ്‌ പ്രശ്നത്തിൽ, ഒരു കരാറുകളും ഇല്ലാതെ ഒക്ടോബർ 31 ന് തന്നെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടും എന്നാണ് ജോൺസൻ അറിയിച്ചിരിക്കുന്നത്. എന്നാൽ ഒരു കരാറിലൂടെ മാത്രമേ യൂറോപ്യൻ യൂണിയൻ വിടുകയുള്ളു എന്ന നിലപാടിലാണ് ഹണ്ട്. എമിഗ്രേഷന്റെ കാര്യത്തിൽ കഴിവുള്ള ജോലിക്കാർക്ക് മുൻഗണന നൽകുമെന്ന് ഹണ്ട് അറിയിച്ചപ്പോൾ കുടിയേറ്റക്കാരന്റെ തൊഴിൽ, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് എന്നിവ കണക്കിലെടുത്ത് ഒരു ഓസ്ട്രേലിയൻ ശൈലിയിലുള്ള പോയിന്റ് ബേസ്ഡ് സംവിധാനം കൊണ്ടുവരുമെന്നും ഇതിനായി മൈഗ്രേഷൻ ഉപദേശക സമിതിയെ നിയമിക്കുമെന്നുമാണ് ജോൺസൻ അഭിപ്രായപ്പെട്ടത്. നികുതി സംബന്ധിച്ച് കോർപ്പറേഷൻ നികുതി 12.5 ശതമാനമായി കുറയ്ക്കും, 90% ഹൈ സ്ട്രീറ്റ് ഷോപ്പുകൾക്കായി ബിസിനസ് നിരക്കുകൾ ഇല്ലാതാകുമെന്നും ഹണ്ട് പറഞ്ഞു. തൊഴിലാളികൾ ആദായനികുതി അടയ്ക്കാൻ തുടങ്ങുന്ന പോയിന്റ് ഉയർത്തും, അനാരോഗ്യകരമായ ഭക്ഷ്യനികുതി അവലോകനം ചെയ്യുമെന്നുമാണ് ജോൺസൻ അറിയിച്ചത്. പ്രതിരോധം ശക്തമാക്കാൻ അടുത്ത 5 വർഷത്തേക്ക് 15 ബില്യൺ പൗണ്ട് ചിലവഴിക്കും, സാമൂഹിക സേവനത്തിൽ കൂടുതൽ ഫണ്ടിംഗ്, നിരക്ഷരത തുടച്ചുനീക്കും,വിദ്യാർത്ഥികളുടെ കടം തിരിച്ചടവിന്റെ പലിശ നിരക്ക് കുറയ്ക്കും, അദ്ധ്യാപന തൊഴിലിനായി കൂടുതൽ ധനസഹായം നൽകാനുള്ള ദീർഘകാല പദ്ധതി തുടങ്ങും എന്നിവയാണ് ജെറമി ഹണ്ട് നൽകിയ വാഗ്ദാനങ്ങൾ. ജോൺസൻ നൽകിയ മറ്റ് വാഗ്ദാനങ്ങൾ ഇവയൊക്കെയാണ് : 2022ഓടെ 20, 000 പോലീസ് ഓഫീസർമാരെ നിയമിക്കും, ജിഡിപിയുടെ 0.7 ശതമാനം വിദേശ സഹായത്തിനായി ചിലവഴിക്കും, എച്ച്എസ് ട്രെയിൻ പദ്ധതി അവലോകനം ചെയ്യും, 2025 ഓടെ എല്ലാ വീട്ടിലും പൂർണ ഫൈബർ ബ്രോഡ്ബാൻഡ് ഉറപ്പാക്കും, എൻ എച്ച് എസിനെ കൂടുതൽ ശക്തമാകും, വിദ്യാർത്ഥികളുടെ കടം തിരിച്ചടവിന്റെ പലിശ നിരക്ക് കുറയ്ക്കും തുടങ്ങിയവ.

1300 കൺസേർവേറ്റിവ് പാർട്ടി അംഗങ്ങളുടെ ഇടയിൽ നടത്തിയ സർവേയിൽ ജോൺസൻ മുന്നിലെത്തി. അടുത്ത നേതാവ് ആരാകുമെന്ന് രണ്ട് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും കൂടുതൽ സാധ്യത ബോറിസ് ജോൺസണാണ്. രണ്ടുപേരിൽ, കഴിഞ്ഞ വർഷം വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ജെറമി ഹണ്ടിന് ജോൺസണെക്കാൾ ഗവണ്മെന്റ് കാര്യങ്ങളിൽ കൂടുതൽ പരിചയമുണ്ട്. 2010ൽ സഖ്യസർക്കാരിന് കീഴിൽ കൾച്ചറൽ സെക്രട്ടറി ആയ ഹണ്ട്, പിന്നീട് 2012 ലണ്ടൻ ഒളിമ്പിക്സിന് മേൽനോട്ടം വഹിച്ചു. തുടർന്ന് 6 വർഷത്തോളം ആരോഗ്യ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു. ബോറിസ് ജോൺസൻ, 2008ൽ മേയറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് 7 വർഷം ഹെൻലിയുടെ എംപി ആയിരുന്നു. 2015ൽ ഓസ്ബ്രിഡ്ജ്, സൗത്ത് റുസ്ലിപ് എന്നിവയുടെ എംപിയും ആയി അദ്ദേഹം. വ്യക്തിപരമായ തലത്തിൽ രണ്ട് സ്ഥാനാർത്ഥികൾകക്കും സമാനമായ പശ്ചാത്തലങ്ങളുണ്ട്. സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസം നേടുകയും പിന്നീട് ഓസ്‌ഫോർഡ് സർവകലാശാലയിൽ പഠിക്കുകയും ചെയ്തവരാണ് ഇരുവരും.

ടോറി എംപിമാരുടെ ഇടയിൽ അഞ്ചു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിലൂടെയാണ് അവസാന രണ്ട് സ്ഥാനാർഥികളായി ഹണ്ടും ജോൺസണും തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചാമത്തെ വോട്ടെടുപ്പിൽ 313ൽ 160 വോട്ടുകളും നേടി ജോൺസൻ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ജെറമി ഹണ്ടിന് 77 വോട്ടുകളും. 10 സ്ഥാനാർത്ഥികളുമായി ജൂൺ 10ന് തുടങ്ങിയ തെരഞ്ഞെടുപ്പ് ഇപ്പോൾ അതിന്റെ അന്ത്യത്തിൽ എത്തി നിൽക്കുകയാണ്. മാർക്ക്‌ ഹാർപ്പർ, ആൻഡ്രിയ ലീഡ്‌സോം, എസ്ഥേർ മക്കവെ എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി. മാറ്റ് ഹാൻകോക്ക് പിന്മാറുകയും ചെയ്തു. ഡൊമിനിക് റാബ് രണ്ടാം റൗണ്ടിലും റോറി സ്റ്റുവർട്ട് മൂന്നിലും സാജിദ് ജാവീദ്, മൈക്കിൾ ഗോവ് എന്നിവർ നാലാം റൗണ്ടിലും പുറത്തായി. വാശിയേറിയ പോരാട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് അവസാന രണ്ടുപേരിൽ എത്തി നിൽകുമ്പോൾ ബ്രിട്ടനെ തുടർന്ന് നയിക്കുന്നത് ആരെന്ന് അറിയേണ്ടിയിരിക്കുന്നു. അതിനായി ആ കാത്തിരിപ്പ് നീളുന്നു, ജൂലൈ 23 വരെ.