രണ്ടുവർഷത്തിനകം അയർലൻഡ് അതിർത്തിയിൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി സാജിദ് ജാവേദിന്റെ വാഗ്ദാനം. തന്റെ വിദേശ വേരുകളാണ് തന്നെ ഏറ്റവും മികച്ച പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടൺ ആഭ്യന്തര സെക്രട്ടറിയായിരുന്ന സാജിദ് പാകിസ്ഥാനിയാണ്. “സോഫി റിഡ്ജ്”നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

ബ്രെക്സിറ് തീരുമാനത്തിന് ശേഷം ഏറ്റവുമധികം വാർത്താപ്രാധാന്യം നേടിയ അതിർത്തിയാണ് അയർലണ്ട്. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഏക അന്താരാഷ്ട്ര അതിർത്തി ആണ് ഇത്. ഒരു പ്രശ്നസങ്കീർണ്ണമായ അതിർത്തിയായി ഇതിനെ മാറ്റാൻ അനുവദിക്കുകയില്ലെന്നും പരസ്പര സഹകരണത്തിലൂടെ ആവശ്യമായ എല്ലാ തീരുമാനങ്ങളും എടുക്കുമെന്നും ജാവേദ് ഉറപ്പുനൽകി.താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ബ്രെക്സിറ്റ് തീരുമാനം നടപ്പിലാക്കുമെന്നും ഒരു കരാർ രഹിത ബ്രക്സിറ്റിനാവും ശ്രമിക്കുക എന്നും അദ്ദേഹം അഭിമുഖത്തിൽ അറിയിച്ചു.

താൻ പാർട്ടിയിൽ ഒരു വിദേശ പശ്ചാത്തലമുള്ള വ്യക്തിയാണ്. എന്നാൽ കാര്യങ്ങളെ ഊർജ്ജസ്വലതയോടെ കൈകാര്യം ചെയ്യുവാൻ അത്തരത്തിലുള്ള ഒരു വ്യക്തി അനിവാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒരു പാകിസ്താനി ബസ് ഡ്രൈവറുടെ മകനാണ് സാജിദ് ജാവേദ്. തന്റെ വിദ്യാഭ്യാസകാലഘട്ടത്തിൽ അനേകം ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. അതിനാൽ ഭരണത്തിലേറിയാൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം നീക്കിവയ്ക്കും എന്നും അദ്ദേഹം അറിയിച്ചു.

ബ്രിട്ടൻ ന്റെ ചെലവുചുരുക്കൽ നയത്തിൽ നിന്നും ഒരു വിടുതൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കടം കുറയുന്നതിനോടൊപ്പം മിച്ചം വരുന്ന തുക ബ്രിട്ടന്റെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. താൻ പ്രധാനമന്ത്രിപദത്തിൽ ഏറും എന്ന ഉറച്ച വിശ്വാസം ഉണ്ടെന്ന് സാജിദ് ജാവേദ് അഭിമുഖത്തിൽ പറഞ്ഞു